ആള്‍ദൈവം ആസാറാം ബാപ്പുവിന് ഇടക്കാല ജാമ്യം; അതിജീവിതയുടെ സുരക്ഷ ശക്തമാക്കി പൊലീസ്

വീടിനു സമീപത്തായി അനധികൃത ഒത്തുചേരലുകൾക്ക് പൂർണ്ണ നിരോധനം; കുട്ടിയുടെ അച്ഛനും സഹോദരനും വ്യക്തിഗതമായി സുരക്ഷ
Security tightened for rape survivor after Asaram Bapu granted interim bail

ആള്‍ദൈവം ആസാറാം ബാപ്പുവിന് ഇടക്കാല ജാമ്യം; അതിജീവിതയുടെ സുരക്ഷ ശക്തമാക്കി പൊലീസ്

Updated on

ഷാജഹാൻപൂർ (യുപി) : 13 കാരിയെ ബലത്സംഗം ചെയ്ത കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന ആള്‍ദൈവം ആസാറാം ബാപ്പുവിന് ഇടക്കാല ജാമ്യം. ചികിത്സയ്ക്ക് വേണ്ടി 3 മാസത്തെ ഇടക്കാല ജാമ്യമാണ് നല്‍കിയിരിക്കുന്നത്.

ജോധ്പൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 86 കാരനായ ആസാറാമിന് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും മറ്റ് വാർധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങൾക്കും ചികിത്സ തേടുന്നതിനായി മാർച്ച് 28നാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ഇതോടെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സുരക്ഷ വര്‍ധിപ്പിച്ചു.

ആസാറാം ബാപ്പുവിന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം അറിയിച്ചിരുന്നു. ഇതോടെ പെണ്‍കുട്ടിയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി വീട്ടില്‍ 24 മണിക്കൂർ നേരത്തെ നിരീക്ഷണത്തിനായി സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിച്ചു. കുട്ടിയുടെ അച്ഛനും സഹോദരനും വ്യക്തിഗതമായി സുരക്ഷ ഒരുക്കുകയും വീട്ടിൽ സിസിടിവി സ്ഥാപിക്കുകയും ചെയ്തു.

ജില്ലവിട്ട് പുറത്തേക്ക് പോവുകയാണെങ്കില്‍ പൊലീസിനെ അറിയിക്കണമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് നിര്‍ദേശമുണ്ട്. വീട്ടിലേക്കുള്ള പ്രധാന റോഡുകളിലും വീടിനടുത്തുള്ള കണക്ഷൻ റൂട്ടുകളും പൊലീസ് ഉദ്യോഗസ്ഥരെ നീരീക്ഷണത്തിനായി നിയമിച്ചു. വീടിനു സമീപത്തായി അനധികൃത ഒത്തുചേരലുകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

2013 ലാണ് 13 വയസുള്ള പെണ്‍കുട്ടി ആസാറാം ബാപ്പുവിനെതിരെ പീഡന പരാതി ഉന്നയിക്കുന്നത്. ജോധ്പൂരിലെ ആശ്രമത്തില്‍വെച്ച് ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ‌ക്കെതിരെ കുറ്റം തെളിയുകയും അറസ്റ്റിലാവുകയുമായിരുന്നു. 2018 ല്‍ ആസാറാം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി ജീവപര്യന്തം ശിക്ഷ വിധിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com