

വിവാഹം വാഗ്ദാനം നൽകി കോടികളുടെ സ്വത്ത് തട്ടിയെടുത്ത് പൊലീസ് ഉദ്യോഗസ്ഥ
റായ്പൂർ: റായ്പൂരിലെ ഡിഎസ്പി കൽപ്പന വർമ പ്രണയബന്ധത്തിൽ കുടുക്കി രണ്ട് കോടിയലധികം രൂപയും തന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ കൈവശപ്പെടുത്തുകയും ചെയ്തുവെന്ന ആരോപണവുമായി പ്രമുഖ വ്യവസായി ദീപക് ടണ്ഠൺ രംഗത്ത്. ആരോപണങ്ങൾ തെളിയിക്കുന്ന ഫോട്ടോകളും വീഡിയോകളും ദീപക് മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഡിഎസ്പിക്കെതിരേ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ദീപക് ആരോപിച്ചു.
2017 ബാച്ചിൽപ്പെട്ട ഡിഎസ്പി കൽപ്പന വർമക്കെതിരേ കൈക്കൂലി, ബ്ലാക്ക്മെയ്ലിങ്, വഞ്ചന എന്നി ആരോപണങ്ങൾ ഉന്നയിച്ചാണ് കേസ് കൊടുത്തിരിക്കുന്നത്.
ദന്തേവാഡയിലാണ് നിലവിൽ കൽപ്പന ജോലി ചെയ്യുന്നത്. 2021ലാണ് കൽപ്പനയും ദീപക്കും കണ്ടുമുട്ടിയതും പ്രണയത്തിലായതും. നാലുവർത്തോളം വിവാഹ വാഗ്ദാനം നൽകി പറ്റിക്കുകയായിരുന്നുവെന്നാണ് ഇയാളുടെ പരാതി. ഈ കാലയളവിൽ കൽപ്പന പണമായി 2 കോടിയിലേറെ രൂപയും, 12 ലക്ഷത്തിന്‍റെ വജ്രമോതിരം, 55 ലക്ഷത്തിന്‍റെ സ്വർണാഭരണങ്ങൾ, 1 ലക്ഷം രൂപയുടെ ബ്രേസ്ലെറ്റ്, ഇന്നോവ ക്രിസ്റ്റ എന്നിവ തട്ടിയെടുത്തു.
കൂടാതെ റായ്പൂരിലെ വിഐപി റോഡിലുള്ള തന്‍റെ ഹോട്ടൽ സഹോദരന് കൈമാറാൻ നിർബന്ധിക്കുകയും ചെയ്തു. ഇത് പിന്നീട് സഹോദരൻ കൽപ്പനയുടെ പേരിലാക്കി കൊടുക്കുകയും ചെയ്തായി തെളിഞ്ഞു. ദീപക് ടണ്ഠനും ഭാര്യ ബർഖ ടണ്ഠനുമാണ് പരാതിക്കാർ. ബർഖ ടണ്ഠനെ ഒഴിവാക്കിയാൽ കൽപ്പന തന്നെ വിവാഹം ചെയ്യാമെന്നാണ് പറഞ്ഞിരുന്നതെന്നും ദീപക് ആരോപിച്ചു.വ്യവസായിയും ഡിഎസ്പിയും തമ്മിലുള്ള ചാറ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ഇരുവരും നടത്തിയ പ്രണയസല്ലാപങ്ങളാണ് പ്രചരിക്കുന്നത്. ദീപക് ഡിഎസ്പിക്ക് നൽകിയ വജ്ര മോതിരത്തിന്‍റെ ചിത്രവും ഇതോടെപ്പം പ്രചരിക്കുന്നുണ്ട്. ഇതിന്‍റെ ആധികാരികത പൊലീസ് പരിശോധിച്ചുവരുകയാണ്. കൂടുതൽ സാമ്പത്തിക സഹായങ്ങൾ നൽകുന്നത് വ്യവസായി നിഷേധിച്ചതോടെ കള്ളക്കേസിൽ കുടുക്കുമെന്ന് ഡിഎസ്പി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് വ്യവസായി പറഞ്ഞു. വാട്സ് ആപ്പ് ചാറ്റുകൾ, തെളിവുകൾ, രേഖകൾ, ബില്ലുകൾ, സിസിടിവി വീഡിയോ എന്നിവ ദീപക് ഖംർദിഹ് പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ചിട്ടുണ്ട്. ഇരുവരുടെയും മൊഴി പൊലീസ് എടുത്തെങ്കിലും ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.