
പാക് ഷെല്ലാക്രമണം; കശ്മീര്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഉൾപ്പടെ 3 പേർ കൊല്ലപ്പെട്ടു
ന്യൂഡൽഹി: കശ്മീരിലെ രജൗറിയിലേക്ക് പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തില്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അഡീഷണല്‍ ഡിസ്ട്രിക്റ്റ് ഡെവലപ്‌മെന്‍റ് കമ്മിഷണര്‍ രാജ് കുമാര്‍ ഥാപ്പയാണ് മരിച്ചത്. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള മരണം സ്ഥിരീകരിച്ചു.
ആക്രമണം ഞെട്ടലുണ്ടാക്കി. മരണത്തിനു മണിക്കൂറുകള്‍ക്കു മുന്‍പ് ഥാപ്പ തനിക്കൊപ്പം ഒരു ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു എന്നും ഒമർ.
പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഥാപ്പയുടെ വീടിന് മുകളിലേക്ക് ഷെല്‍ പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇദ്ദേഹത്തെ കൂടാതെ, 2 സാധാരണക്കാർ കൂടി ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഥാപ്പയുടെ വീടിനു തൊട്ടടുത്തുണ്ടായിരുന്ന രണ്ട് നാട്ടുകാരാണ് ഇതേ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ അറിയിച്ചു.