വേണു ഗോപാലകൃഷ്ണൻ
ലൈംഗിക പീഡന കേസ്; വേണു ഗോപാലകൃഷ്ണന് ഇടക്കാല ജാമ്യം
ന്യൂഡൽഹി: ലൈംഗിക പീഡന കേസിൽ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. അന്വേഷണവുമായി സഹകരിക്കണമെന്ന് നിർദേശിച്ച കോടതി, വേണു ഗോപാലകൃഷ്ണന്‍റെ അറസ്റ്റ് തടയുകയും ചെയ്തു. ഇൻഫോ പാർക്കിലെ ലിറ്റ്മസ് -7 ഐടി സ്ഥാപനത്തിലെ യുവതി നൽകിയ ലൈംഗിക പീഡന കേസിലാണ് വേണു ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തത്.
സ്വകാര്യ ചാറ്റുകൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി ഹണി ട്രാപ്പിലൂടെ 30 കോടി രൂപ തട്ടാൻ ശ്രമിച്ചെന്നാരോപിച്ച് വേണു ഗോപാലകൃഷ്ണൻ യുവതിക്കും ഭർത്താവിനും എതിരേ നേരത്തെ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയെയും ഭർത്താവിനെയും പൊലീസ് അറസ്റ്റ് ചെയിതിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയതിന് ശേഷം ഹർജിക്കാരനെതിരേ ലൈംഗികാതിക്രമത്തിനും വധശ്രമത്തിനും യുവതി കേസ് നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇൻഫോ പാർക്ക് പൊലീസ് കേസെടുക്കുകയായിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു കൊച്ചിയിലെ ലിറ്റ്മസ് 7 ഐടി സ്ഥാപനത്തിന്‍റെ സിഇഒ വേണു ഗോപാലകൃഷ്ണനെതിരേ കേസെടുത്തത്.
വേണുവിന് പുറമെ സ്ഥാപനത്തിലെ മൂന്നു ജീവനക്കാർക്കെതിരേയും യുവതിയുടെ പരാതിയിൽ കേസെടുത്തിരുന്നു. ഒന്നര വർഷം വേണു ഗോപാലകൃഷ്ണന്‍റെ എക്സിക്യൂട്ടീവ് അസിസ്റ്റന്‍റായിരുന്നു യുവതി.