

വനിതാ മാധ്യമപ്രവർത്തകർക്കെതിരായ ലൈംഗികാതിക്രമം; ആരോപണവിധേയനായ എസിപിയുടെ സ്ഥാനക്കയറ്റം തടഞ്ഞുവച്ചു
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരേ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന സംഭവത്തിൽ ആരോപണവിധേയനായ അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണറുടെ സ്ഥാനക്കയറ്റം സർക്കാർ തടഞ്ഞുവച്ചു. അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മിഷണറുടെ ചുമതലയിലേക്കുള്ള അസിസ്റ്റന്‍റ് കമ്മിഷണർ വിവേക് ഭഗത്തിന്‍റെ സ്ഥാനക്കയറ്റമാണ് ഡൽഹി സർക്കാർ തടഞ്ഞത്.
വിവേക് ഭഗത് അടക്കം 12 ഉദ്യോഗസ്ഥർക്ക് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മിഷണറുടെ ചുമതല നൽകാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ മോശം പെരുമാറ്റം സംബന്ധിച്ച ആരോപണത്തിൽ സമഗ്രമായ അന്വേഷണം നടത്തി അത് തൃപ്തികരമായി പൂർത്തിയാക്കുന്നത് വരെ താൻ ആ ചുമതല ഏറ്റെടുക്കുന്നില്ലെന്ന് വിവേക് ഭഗത് സ്വമേധയാ അഭ്യർത്ഥിച്ചതായി സർക്കാർ എക്സിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചു. ഇതേ തുടർന്ന് മുൻപ് ഇറക്കിയ സ്ഥാനക്കയറ്റ പട്ടിക പരിഷ്കരിച്ച് ഭഗത്തിനെ ഒഴിവാക്കി 11 പേരുടേതാക്കി പുറത്തിറക്കിയെന്നും സർക്കാർ വ്യക്തമാക്കി.
ഭഗത് അടക്കം 12 ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകാനുള്ള തീരുമാനം ഓഗസ്റ്റ് 25ന് എടുത്തതാണെന്നും ഇപ്പോഴത്തെ സംഭവവികാസങ്ങൾക്ക് വളരെ നേരത്തെയാണിതെന്നും സർക്കാർ പറഞ്ഞു. അധിക ചുമതല നൽകൽ താത്കാലിക സംവിധാനം മാത്രമാണ്. സാമ്പത്തിക നേട്ടം ഉണ്ടാകില്ല. അധിക ചുമതല നൽകപ്പെട്ട ഉദ്യോഗസ്ഥർക്ക് ആ തസ്തികയിലെ സ്ഥിരം ഉദ്യോഗസ്ഥരുടെ നിയമപരമായ ചുമതലകളൊന്നും നിർവഹിക്കാൻ കഴിയില്ലെന്നും സർക്കാർ വ്യക്തമാക്കി.
ഒക്റ്റോബർ മൂന്നിന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ഭഗത്തിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന് മൂന്ന് വനിതാ ഓൺലൈൻ മാധ്യമപ്രവർത്തകർ ആരോപണം ഉന്നയിച്ചത്. സംഭവത്തിൽ പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുൻപിൽ ആം ആദ്മി പാർട്ടി, ക്രോക്രോച്ച് ജനത പാർട്ടി, വിദ്യാർഥി സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം നടക്കുകയും ചെയ്തിരുന്നു. ഭഗത്തിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംഭവത്തിൽ വനിതാ മാധ്യമപ്രവർത്തകർ നൽകിയ പരാതി ക്രൈം ബ്രാഞ്ചിന് കൈമാറുക മാത്രമാണ് പൊലീസ് ഇപ്പോൾ ചെയ്തിരിക്കുന്നത്. ഭഗത്തിനെതിരേ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.