ഡൽഹിയിൽ എസ്‌എഫ്‌ഐ പ്രവർത്തകരെയും അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു

പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

SFI activists and lawyers detained in Delhi.

ഡൽഹിയിൽ എസ്‌എഫ്‌ഐ പ്രവർത്തകരെയും അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു

Updated on: 

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരേ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ എസ്‌എഫ്‌ഐ പ്രവർത്തകരെയും വിവിധ വിദ്യാർഥി സംഘടനാ അംഗങ്ങളെയും അഭിഭാഷകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

സുപ്രീം കോടതിയിൽ നിന്ന് ജന്തർ മന്തറിലേക്ക് മാർച്ച് നടത്തുകയായിരുന്ന അഭിഭാഷകരെയും ശനിയാഴ്ച പൊലീസ് തടഞ്ഞു. രാവിലെ പത്തിന് മാർച്ച് ആരംഭിച്ച എസ്‌എഫ്‌ഐ പ്രവർത്തകരിൽ 400ലധികം പേരെ കസ്റ്റഡിയിലെടുത്തതായി സംഘടനയുടെ ദേശീയ പ്രസിഡന്‍റ് ആദർശ് എം. സജി പിടിഐയോട് പറഞ്ഞു. രാവിലെ 11 മണിയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

എകെജി ഭവനിൽ നിന്ന് ജന്തർ മന്തറിലേക്ക് റാലി നടത്താനായിരുന്നു എസ്‌എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നേതൃത്വത്തിന്‍റെ തീരുമാനം. പ്രതിഷേധത്തിന് മുന്നോടിയായി ഗോൾ മാർക്കറ്റിലെ എകെജി ഭവന് പുറത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.

സുപ്രീം കോടതിക്ക് സമീപം ഭഗവാൻ ദാസ് റോഡിലൂടെ ജന്തർ മന്തറിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച നിരവധി അഭിഭാഷകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡുകൾ ഉയർത്തിയുമായിരുന്നു ഇവരുടെ പ്രതിഷേധം. ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് മാർച്ച് തടഞ്ഞു.

പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഏകദേശം 25,000 പൊലീസ്, അർധസൈനിക വിഭാഗം ഉദ്യോഗസ്ഥരെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചു. 45 മെട്രൊ സ്റ്റേഷനുകൾ അടച്ചിട്ടു. നഗരാതിർത്തികൾ, റെയ്ൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ, മറ്റ് പ്രധാന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും നിരീക്ഷണം ശക്തമാക്കി.

logo
Metro Vaartha
www.metrovaartha.com