

അജിത് പവാറിനൊപ്പം കത്തിയമർന്ന് യുവ പൈലറ്റ് ശാംഭവി പതക്
മുംബൈ: ബാരാമതിയിലെ വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനൊപ്പം മിടുക്കിയായ യുവ വനിത പൈറ്റലിനെ കൂടി രാജ്യത്തിന് നഷ്ടമായി. വിഎസ്ആർ വെഞ്ചേഴ്സിന്‍റെ ലിയർജെറ്റ് 45 എന്ന വിമാനമാണ് 6 പേരുടെ മരണത്തിന് ഇടയാക്കിയത്. ഈ സമയത്ത് വിമാനം നിയന്ത്രിച്ചിരുന്നത് ഡൽഹി സ്വദേശിനിയായ യുവ പൈലറ്റ് ക്യാപ്റ്റൻ ശാംഭവി പതക് ആയിരുന്നു. ഇവർ അപകടത്തിൽ തൽക്ഷണം മരിച്ചിരുന്നു.
1500 മണിക്കൂർ വിമാനം പറത്തി പരിചയമുള്ള ശാംഭവി പതക് മികച്ച പൈലറ്റായിരുന്നുവെന്നാണ് വ്യോമയാന മേഖലയിലുള്ളവർ പറയുന്നത്.
മിടുക്കിയായ ഈ യുവ പൈലറ്റ് പല അവസരങ്ങളിലും വിമാനത്തെ നിയന്ത്രിക്കുന്നതിൽ മികവ് പുലർത്തിയിട്ടുണ്ട്. ഡെൽഹിയിലെ എയർഫോഴ്സ് ബൽ ഭാരതി സ്കൂളിൽ നിന്ന് സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ന്യൂസിലൻഡ് ഇന്‍റർനാഷണൽ കോമേഴ്സ്യൽ പൈലറ്റ് അക്കാദമിയിൽ നിന്ന് കോമേഴ്സ്യൽ പൈലറ്റ് ട്രെയിനിങും ഫ്ളൈറ്റ് ക്യൂ ട്രെയിനിങും പൂർത്തിയാക്കി. തുടർന്ന് മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് എയറോനോട്ടിക്സ്, ഏവിയേഷൻ ആന്‍റ് എയ്റോസ്പേസിൽ ബിഎസ് സി ബിരുദവും ശാംഭവി കരസ്ഥമാക്കിയിട്ടുണ്ട്.
മധ്യപ്രദേശ് ഫ്ളൈയിങ് ക്ലബിലെ അസിസ്റ്റന്‍റ് ഫ്ളൈയിങ് ഇൻസ്ട്രക്‌ടർ കൂടിയാണ് ഇവർ. വ്യോമയാന മേഖലയിലെ ഒട്ടേറെ സർട്ടിഫിക്കറ്റുകളും ഇവർ നേടിയിട്ടുണ്ട്. ഇന്‍റർ നാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷനിൽ നിന്ന് ഇംഗ്ലീഷ് ലാംഗ്വേജ് പ്രൊഫിഷ്യൻസി ലെവൽ 6 എന്നിവയാണ് ശാംഭവിയുടെ നേട്ടങ്ങൾ.