

രാഹുൽ ഗാന്ധി, ശശി തരൂർ.
File photo
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശ യാത്രയെക്കുറിച്ചുള്ള ചോദ്യത്തിന് കോൺഗ്രസ് എംപി ശശി തരൂർ മൂർച്ചയേറിയ മറുപടി നൽകി-"ഞാൻ ട്രാവൽ ഏജന്റല്ല" എന്നാണ് തരൂരിന്റെ പ്രതികരണം.
രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയാൻ വിസമ്മതിച്ച തരൂർ, "ഞാൻ ഒരു ട്രാവൽ ഏജന്റല്ല. എന്നോട് ആ ചോദ്യം ചോദിക്കുന്നതിൽ അർഥമില്ല. ഞാൻ എന്തുകൊണ്ടാണ് ഡൽഹി വിട്ട് ഇപ്പോൾ ഇവിടേക്ക് വന്നത്? ഓരോ വ്യക്തിക്കും ചില ഉത്തരവാദിത്വങ്ങളുണ്ട്. അതുകൊണ്ട് എനിക്ക് അതിനെക്കുറിച്ച് അഭിപ്രായം പറയാനാകില്ല."
പ്രതിഷേധങ്ങൾക്കിടെ രാഹുൽ ഗാന്ധി നാലു ദിവസത്തെ വിയറ്റ്നാം യാത്ര നടത്തിയത് ബിജെപിയുടെ രൂക്ഷ വിമർശനത്തിന് വഴിവച്ചിരുന്നു. മുൻപും ഗാന്ധിയുടെ വിദേശ യാത്രകളെ ചോദ്യം ചെയ്തിട്ടുള്ള ബിജെപി, രാഷ്ട്രീയ സംഘർഷങ്ങൾക്കിടെ ഈ വിഷയം പലതവണ ഉപയോഗിച്ചിട്ടുണ്ട്.
ഡൽഹി പ്രതിഷേധങ്ങൾക്കിടെ "നുണകൾ വിളിച്ചുപറഞ്ഞ്" മടുത്തതിനെ തുടർന്നാണ് ഗാന്ധി അവധിക്ക് പോയതെന്നാണ് ബിജെപിയുടെ ആരോപണം. വിയറ്റ്നാമിലേക്കുള്ള വിമാനത്തിൽ ഗാന്ധി ഉള്ളതായി കാണിക്കുന്ന ഒരു വിഡിയൊ പാർട്ടി എക്സിൽ പങ്കുവയ്ക്കുകയും ചെയ്തു. "രാഹുൽ ഗാന്ധിയുടെ വിദേശ യാത്രകളുടെ അജൻഡ എന്താണ്?" എന്ന് പാർട്ടി ചോദിച്ചു.
"ജോർജ് സോറോസിന്റെ ക്ലാസുകൾ"
ഭരണമാറ്റം ആസൂത്രണം ചെയ്യുകയാണ് ഗാന്ധി എന്ന് ആരോപിച്ച ബിജെപി നേതാവ് സംബിത് പത്ര, ജോർജ് സോറോസിൽനിന്ന് "പരിശീലന ക്ലാസുകൾ" നേടാനാണ് അദ്ദേഹം വിദേശത്തേക്ക് പോയതെന്ന് അവകാശപ്പെട്ടു.
"ഇന്ത്യയെ എങ്ങനെ തകർക്കാം, എങ്ങനെ ഭരണമാറ്റം കൊണ്ടുവരാം എന്നതിനെക്കുറിച്ച് ജോർജ് സോറോസിൽനിന്നും സംഘത്തിൽനിന്നും പരിശീലനം നേടാനാണ് അവരുടെ യജമാനനും നേതാവുമായ രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയത്, എവിടെയാണ് അവർക്ക് പിഴച്ചതെന്നും. സാധ്യമായ എല്ലാ ശ്രമങ്ങളും അവർ നടത്തി, പക്ഷേ ഇന്ത്യയിലെ ജനങ്ങൾ അവരെ പിന്തുണച്ചില്ല. ഇന്ത്യയെ തകർച്ചയിലാക്കി ഇവിടെ ഭരണമാറ്റം കൊണ്ടുവരാൻ, ഈ മുഴുവൻ അജൻഡയും എങ്ങനെ മുന്നോട്ടു കൊണ്ടുപോകാം എന്നതിലാണ് ഇപ്പോൾ ശ്രദ്ധ," അദ്ദേഹം പറഞ്ഞു.
"സമാധാനത്തിന്റെ സഹകാരികളെ" കാണാനാണോ ഗാന്ധി വിദേശത്തേക്ക് പോയത്, അതോ അവധി ആസ്വദിക്കാനാണോ എന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ചോദിച്ചു.
കോൺഗ്രസിന്റെ പ്രതികരണം
ഗാന്ധിക്ക് "ഉത്തരവാദിത്വങ്ങളുണ്ട്" എന്നു പറഞ്ഞ് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് അദ്ദേഹത്തെ ന്യായീകരിച്ചു.
"ഈ ദിവസം മറ്റുള്ളവർ വിദേശത്തേക്ക് പോകാറില്ലേ? രാഹുൽ ഗാന്ധി ഒരു വ്യക്തിയാണ്, പ്രതിപക്ഷ നേതാവാണ്, അദ്ദേഹത്തിന് ഉത്തരവാദിത്വങ്ങളുണ്ട്. യേൽ സർവകലാശാലയിലെ വിദ്യാർഥികളുമായി അദ്ദേഹം സംവദിക്കുന്നു, ലണ്ടനിലെ വിദ്യാർഥികളുമായി സംവദിക്കുന്നു, അവിടത്തെ ബുദ്ധിജീവികളെ കാണുന്നു. പ്രധാനമന്ത്രി ചെയ്യാത്ത ഒന്ന്-മാധ്യമ അഭിമുഖങ്ങൾ പോലും അദ്ദേഹം നൽകുന്നു. അപ്പോൾ, ഇതിൽ ബിജെപിക്ക് എന്താണ് പ്രശ്നം?" അദ്ദേഹം ചോദിച്ചു.