

ജിടിഎ 6 കളിക്കുന്ന ശശി തരൂർ
ന്യൂഡൽഹി: പ്രശസ്ത വിഡിയോ ഗെയിമായ ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ (ജിടിഎ) 6 പരീക്ഷിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ഇതിനിടെ ഇന്ത്യയിലെ നോട്ട് നിരോധനത്തെ 'ഗ്രാൻഡ് തെഫ്റ്റ് വിത്തൗട്ട് ഓട്ടോ' (വാഹനം ഉപയോഗിക്കാത്ത വൻ കവർച്ച) എന്ന് വിശേഷിപ്പിച്ച് കേന്ദ്ര സർക്കാരിനെ പരിഹസിക്കുകയും ചെയ്തു.
തരൂർ തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ജിടിഎ 6 കളിക്കുന്നത് പുറത്തുവിട്ടത്. ഗെയിമിന്റെ നിയന്ത്രണങ്ങൾ മനസിലാക്കാൻ ബുദ്ധിമുട്ടുന്ന തരൂരിനെ അദ്ദേഹത്തിന്റെ കൂടെയുള്ളവർ സഹായിക്കുന്നതും വിഡിയോയിലുണ്ട്.
''ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ എന്ന പേര് ഇംഗ്ലീഷ് ഭാഷയിൽ പോലും അർഥവത്തായി തോന്നുന്നില്ല. വലിയൊരു മോഷണം എന്നത് മനസിലാക്കാം. എന്നാൽ ഓട്ടോയോ?'' എന്നായിരുന്നു ഗെയിമിന്റെ പേരിനെക്കുറിച്ചുള്ള തരൂരിന്റെ ആദ്യ പ്രതികരണം.
പിന്നാലെയാണ് ഇന്ത്യയിലെ നോട്ട് നിരോധനത്തെ അദ്ദേഹം ഇതുമായി ബന്ധപ്പെടുത്തി പരിഹസിച്ചത്. 2016ലെ നോട്ട് നിരോധനം വാഹനം ഉപയോഗിക്കാത്ത വലിയൊരു കവർച്ചയായിരുന്നുവെന്നായിരുന്നു പരാമർശം.
69കാരനായ തരൂർ താൻ വിഡിയോ ഗെയിമുകൾ കളിക്കുന്നയാളല്ലെന്നും പറഞ്ഞു. ജിടിഎ 6 ഗെയിമിലെ പശ്ചാത്തലമോ കഥാപാത്രങ്ങളോ സാഹചര്യങ്ങളോ തനിക്ക് ഒട്ടും ആകർഷകമായി തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് ഗെയിം ഇഷ്ടപ്പെടുന്നുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ സാഹചര്യങ്ങളും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന വിഡിയോ ഗെയിമുകൾ രാജ്യത്ത് തന്നെ വികസിപ്പിക്കാനുള്ള കഴിവുള്ളവർ ഉണ്ടെന്നും തരൂർ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഇതിനകം 50 കോടി ആളുകൾ ഗെയിമുകൾ കളിക്കുന്നുണ്ടെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രേക്ഷകരെ ലക്ഷ്യമിട്ട് ഇന്ത്യൻ ഗെയിമുകൾ വികസിപ്പിക്കണമെന്നും തരൂർ അഭിപ്രായപ്പെട്ടു.
ജിടിഎയുടെ മുൻ പതിപ്പായ ജിടിഎ 5 പുറത്തിറങ്ങി 13 വർഷത്തിന് ശേഷമാണ് പുതിയ പതിപ്പ് എത്തുന്നത്. ഈ കാലയളവിൽ ലോകത്തും ഇന്ത്യയിലും വലിയ മാറ്റങ്ങളുണ്ടായെന്ന് തരൂർ പറഞ്ഞു. രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യം കുറഞ്ഞതായും സർക്കാരിനെ വിമർശിക്കാൻ പലരും ആശങ്കപ്പെടുന്ന സാഹചര്യമുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
500, 1000 രൂപ നോട്ടുകളുടെ മൂല്യം ഇല്ലാതാക്കിയ നോട്ട് നിരോധനവും കഴിഞ്ഞ 13 വർഷത്തിനിടെയുണ്ടായ പ്രധാന മാറ്റങ്ങളിലൊന്നാണെന്ന് അദ്ദേഹം പറഞ്ഞു.
റോക്ക്സ്റ്റാർ ഗെയിംസ് വികസിപ്പിച്ച ജിടിഎ 6 വിനോദമേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലോഞ്ച് റെക്കോർഡ് സ്വന്തമാക്കിയതായി കമ്പനി അറിയിച്ചു. പ്രീ-ഓർഡറുകളും ആദ്യദിവസത്തെ വിൽപ്പനയും ഉൾപ്പെടെ 3.79 ബില്യൺ ഡോളറിന്റെ വരുമാനമാണ് ഗെയിം നേടിയതെന്നാണ് റിപ്പോർട്ട്.