
ന്യൂഡൽഹി: 39 അംഗ കോൺഗ്രസ് പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും കെ.സി വേണുഗോപാലും എ.കെ ആന്‍റണിയും ശശി തരൂരും പ്രവർത്തക സമിതിയിലുണ്ട്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക സമിതിയിലുമുൾപ്പെടുത്തി.
പ്രിയങ്ക ഗാന്ധി, ശശി തരൂർ, സച്ചിന്‍ പൈലറ്റ്, കെസി വേണുഗോപാൽ തുടങ്ങിയ പ്രമുഖർ പ്രവർത്തക സമിതിയിൽ ഇടംപിടിച്ചു. കനയ്യ കുമാറിനെ പ്രത്യേക ക്ഷണിതാവായും ജി-23 നേതാവായ മനീഷ് തിവാരിയെ സ്ഥിരം ക്ഷണിതാവായും ഉൾപ്പെടുത്തി.
പ്രവർത്തക സമിതിയിലെ 39 അംഗങ്ങൾക്കു പുറമെ 23 സ്ഥിരം ക്ഷണിതാക്കളും പ്രവർത്തക സമിതിയിലുണ്ട്. കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച് വലിയ പിന്തുണ നേടാന്‍ ശശി തരൂരിന് സാധിച്ചുവെങ്കിലും പ്രവർത്തക സമിതിയിൽ അംഗത്വം നേടാനാകുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. പ്രവർത്തക സമിതിയിൽ ഉൾപ്പെട്ടതുവഴി സംഘടനാപരമായി പാർട്ടിയിൽ ഉയരാന്‍ കൂടി ശശി തരൂരിനാകും. അതേസമയം, മല്ലികാർജുൻ ഖാർഗെ, മൻമോഹൻ സിംഗ്, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അധീർ രഞ്ജൻ ചൗധരി എന്നിവർ ഇതിൽ തുടരുമെന്നതിൽ സംശയമുണ്ടായിരുന്നില്ല.