ചെന്നൈ: തമിഴ്നാട്ടിലെ ശിവഗംഗയ്ക്കു സമീപം തളച്ചിരുന്ന ഓലമേഞ്ഞ ഷെഡ്ഡിനു തീപിടിച്ച് ക്ഷേത്രത്തിലെ ആന പൊള്ളലേറ്റു ചരിഞ്ഞു. കുന്ദ്രക്കുറിച്ചു ശ്രീ ഷൺമുഖനാഥർ ക്ഷേത്രത്തിന്‍റെ ഉടമസ്ഥതയിലുള്ള അമ്പത്തിമൂന്നുകാരി സുബ്ബലക്ഷ്മിയെന്ന ആനയ്ക്കാണു ദാരുണാന്ത്യം. ഇന്നലെ പുലർച്ചെ രണ്ടരയ്ക്കാണ് ദുരന്തം.
ക്ഷേത്രത്തോടു ചേർന്ന് തളച്ചിരുന്ന ആനയ്ക്ക് വെയിലിൽ നിന്നുള്ള സംരക്ഷണത്തിനായി ഓലമേഞ്ഞ ഷെഡ്ഡ് നിർമിച്ചിരുന്നു. വൈദ്യതി ലൈനിലെ ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് ഷെഡ്ഡിന്‍റെ മേൽക്കൂരയ്ക്ക് തീപിടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നു പ്രാഥമിക നിഗമനം. അഗ്നിരക്ഷാ സേനയെത്തി തീയണച്ചെങ്കിലും ആനയ്ക്ക് സാരമായ പൊള്ളലേറ്റിരുന്നു. വൈകാതെ മരണത്തിനു കീഴടങ്ങി. 1971ൽ ഒരു ഭക്തൻ ക്ഷേത്രത്തിൽ നടയിരുത്തിയതാണ് സുബ്ബലക്ഷ്മിയെ.