
ഷെഫാലി ജരിവാല
മുംബൈ: നടിയും മോഡലുമായ ഷെഫാലി ജരിവാല (42)യുടെ അകാല മരണത്തിൽ യുവത്വം നിലനിർത്താനുള്ള മരുന്നുകളുടെ പങ്ക് സംശയിച്ച് പൊലീസ്. എട്ടു വർഷമായി എല്ലാ മാസവും യുവത്വം നിലനിർത്താനുള്ള കുത്തിവയ്പ്പുകളെടുക്കുന്നുണ്ട് ഷെഫാലി. ഉപവാസത്തിനിടെ ഇത്തരം കുത്തിവയ്പ്പ് സ്വീകരിച്ചതാണോ പെട്ടെന്നുള്ള ഹൃദയാഘാതത്തിലേക്കു നയിച്ചതെന്നു സംശയിക്കുന്നുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വ്യക്തമാകൂ എന്നു പൊലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രി 11ന് മുംബൈയിലെ വസതിയിൽ കുഴഞ്ഞുവീണ ഷെഫാലിയെ ഉടൻ ഭർത്താവ് പരാഗ് ത്യാഗിയുൾപ്പെടെ കുടുംബാംഗങ്ങൾ ചേർന്നു മുംബൈയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
വെള്ളിയാഴ്ച കുടുംബാംഗങ്ങൾ സംഘടിപ്പിച്ച പൂജയുടെ ഭാഗമായി ഉപവാസത്തിലായിരുന്നു ഷെഫാലി. എന്നാൽ, ഉച്ചയ്ക്കുശേഷം പതിവുപോലെ യുവത്വം നിലനിർത്താനുള്ള മരുന്ന് കുത്തിവയ്ക്കുകയായിരുന്നു.
കാന്താലഗാ എന്ന ആൽബത്തിലൂടെ അറിയപ്പെട്ട ഷെഫാലിയുടെ വീട്ടിൽ നിന്നു സൗന്ദര്യ വർധക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന നിരവധി മരുന്നുകളും സാമഗ്രികളും പൊലീസ് പരിശോധനയ്ക്കെടുത്തു. ഷെഫാലിയുടെ സംസ്കാരം മുംബൈ ഓഷിവാര ശ്മശാനത്തിൽ നടത്തി.