Shilpa Shetty, Raj Kundra Charged With Cheating In Rs 60 Crore Fraud Case

ശിൽപ്പ ഷെട്ടി | രാജ് കുന്ദ്ര

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്; നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവിനുമെതിരേ വഞ്ചനാ കുറ്റം ചുമത്തി

മുംബൈ പൊലീസാണ് ശിൽപ്പയ്ക്കും ഭർത്താവ് രാജ് കുന്ദ്രക്കുമെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തത്
Published on

മുംബൈ: 60 കോടി രൂപയുടെ തട്ടിപ്പ് കേസിൽ നടി ശിൽപ്പ ഷെട്ടിക്കും വ്യവസായിയായ ഭർത്താവ് രാജ് കുന്ദ്രക്കുമെതിരേ വഞ്ചനാകുറ്റം ചുമത്തി. വായ്പ - നിക്ഷേപ ഇടപാടിൽ ദമ്പതികൾ വഞ്ചിച്ചതായി ആരോപിച്ച് വ്യവസായി ദീപക് കോത്താരിയുടെ പരാതിയിൽ മുംബൈ പൊലീസിലെ ഇക്കണോമിക് ഓഫിസേഴ്സ് വിങാണ് (EOW) എഫ്ഐആർ ഫയൽ ചെയ്തത്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം സ്വത്തുക്കൾ കണ്ടുകെട്ടാനും നഷ്ടമായ പണം തിരികെ നൽകണമെന്നുമാണ് പരാതിക്കാരന്‍റെ ആവശ്യം. പൊലീസ് അന്വേഷണത്തിൽ ശിൽപ്പയ്ക്കും ഭർത്താവിനുമെതിരേ തെളിവുകൾ ലഭിച്ചതോടെയാണ് ഇവർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയതത്.

ഓഗസ്റ്റ് 14 ന് മുംബൈയിൽ, ഹോം ഷോപ്പിങ്, ഓൺലൈൻ റീട്ടെയിൽ പ്ലാറ്റ്‌ഫോമായ ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഡയറക്ടർമാരായിരുന്ന കുന്ദ്രയ്ക്കും ഷെട്ടിക്കുമെതിരേ, വായ്പയും നിക്ഷേപവും ഉൾപ്പെടുന്ന ഇടപാടിൽ കോത്താരിയിൽ നിന്ന് ഏകദേശം 60 കോടി രൂപ തട്ടിയെടുത്തെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

2015 നും 2023 നും ഇടയിൽ ദമ്പതികൾ ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡിൽ 60 കോടി രൂപ നിക്ഷേപിക്കാൻ തന്നെ പ്രേരിപ്പിച്ചുവെന്നും എന്നാൽ തുക അവരുടെ വ്യക്തിപരമായ നേട്ടങ്ങൾക്കായി ഉപയോഗിച്ചുവെന്നുമാണ് കോത്താരിയുടെ ആരോപണം.

അന്വേഷണത്തിനിടെ, 60 കോടി രൂപയുടെ ഒരു ഭാഗം അഭിനേതാക്കളായ ബിപാഷ ബസുവിനും നേഹ ധൂപിയയ്ക്കും ഫീസായി നൽകിയതായി കുന്ദ്ര അവകാശപ്പെട്ടു. 2016 ൽ കേന്ദ്രം നടപ്പിലാക്കിയ നോട്ട് നിരോധനത്തിന് ശേഷം തന്‍റെ കമ്പനി ഇലക്ട്രിക്കൽ, വീട്ടുപകരണങ്ങളിൽ വ്യാപാരം നടത്തിയതായും കാര്യമായ നഷ്ടം നേരിട്ടതായും ഒക്റ്റോബറിൽ കുന്ദ്ര പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് കമ്പനിക്ക് കടം വാങ്ങിയ ഫണ്ടുകൾ തിരിച്ചടയ്ക്കാൻ കഴിയാത്തതെന്നാണ് വിശദീകരണം.

logo
Metro Vaartha
www.metrovaartha.com