ശിവരാജ് പാട്ടീൽ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു; 90 വയസായിരുന്നു
ശിവരാജ് പാട്ടീൽ അന്തരിച്ചു | Shivraj Patil pases away

ശിവരാജ് പാട്ടീൽ.

File photo

Updated on

ലാത്തൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു. മഹാരാഷ്ട്രയിലെ സ്വന്തം നാടായ ലാത്തൂരിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. അദ്ദേഹത്തിന് 90 വയസായിരുന്നു.

അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ലാത്തൂരിലെ 'ദേവ്ഘർ' എന്ന വസതിയിൽ വച്ചാണ് ദിവംഗതനായത്. സംസ്കാരച്ചടങ്ങുകൾ ശനിയാഴ്ചയായിരിക്കും നടത്തുകയെന്ന് കുടുംബ വൃത്തങ്ങൾ അറിയിച്ചു.

മകൻ ശൈലേഷ് പാട്ടീൽ, മരുമകൾ അർച്ചന, രണ്ട് പേരക്കുട്ടികൾ എന്നിവരാണ് അദ്ദേഹത്തിനുള്ളത്. മരുമകൾ അർച്ചന കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ലാത്തൂർ നഗരത്തിൽ കോൺഗ്രസിന്‍റെ അമിത് ദേശ്മുഖിനെതിരേ ബിജെപി ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

1935 ഒക്റ്റോബർ 12നു ജനിച്ച പാട്ടീൽ 1966 മുതൽ 1970 വരെ ലാത്തൂർ മുനിസിപ്പാലിറ്റി പ്രസിഡന്‍റായാണ് രാഷ്ട്രീയ യാത്ര ആരംഭിച്ചത്. തുടർന്ന് രണ്ടു തവണ എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടു. 1977 നും 1979 നും ഇടയിൽ മഹാരാഷ്ട്ര നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കർ, സ്പീക്കർ തുടങ്ങിയ പദവികൾ വഹിച്ചു.

തുടർന്ന് അദ്ദേഹം ഏഴു തവണ ലാത്തൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നു വിജയിച്ചു. 1991 മുതൽ 1996 വരെ ലോക്സഭയുടെ സ്പീക്കറായിരുന്നു. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിലെ രൂപതായ് പാട്ടീൽ നിലങ്കേക്കറിനോട് അദ്ദേഹം പരാജയപ്പെട്ടു. രാജ്യസഭാംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പ്രതിരോധം, വാണിജ്യം, ശാസ്ത്ര സാങ്കേതികവിദ്യ ഉൾപ്പെടെ കേന്ദ്ര മന്ത്രിസഭയിൽ നിരവധി വകുപ്പുകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. 2004 മുതൽ 2008 വരെ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു. 26/11 മുംബൈ ഭീകരാക്രമണത്തെ തുടർന്ന് അദ്ദേഹം ഈ പദവി രാജിവച്ചു. 2010 മുതൽ 2015 വരെ പഞ്ചാബ് ഗവർണറായും കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢിന്‍റെ അഡ്മിനിസ്ട്രേറ്ററായും പ്രവർത്തിച്ചു.

മാന്യമായ പെരുമാറ്റത്തിന് പേരുകേട്ട അദ്ദേഹം പൊതു പ്രസംഗങ്ങളിലും സ്വകാര്യ സംഭാഷണങ്ങളിലും ഒരിക്കലും വ്യക്തിപരമായ ആക്രമണങ്ങളിൽ ഏർപ്പെട്ടിരുന്നില്ലെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു.

വിശാലമായ വായന, സൂക്ഷ്മമായ പഠനം, വ്യക്തമായ അവതരണം എന്നിവയിലും പാട്ടീൽ പ്രഗല്ഭനായിരുന്നു. മറാഠി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള അദ്ദേഹത്തിന്‍റെ പ്രാവീണ്യവും ഭരണഘടനാപരമായ കാര്യങ്ങളിലുള്ള അഗാധമായ അറിവും അദ്ദേഹത്തെ തന്‍റെ കാലഘട്ടത്തിലെ ഏറെ ബഹുമാനിക്കപ്പെട്ട പാർലമെന്‍റേറിയനാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com