ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വെടിവയ്പ്പ്; പ്രതി പ്രായപൂർത്തിയാകാത്ത ആളാണെന്ന വാദത്തിൽ അന്വേഷണം നടത്താൻ കോടതി

കേസിലെ പ്രധാന പ്രതിയായ ഫൂൽ സിങ് ഉൾപ്പെടെ അഞ്ച് പേരുടെ പൊലീസ് കസ്റ്റഡി നവംബർ 11 വരെ നീട്ടി

Tiger Shroff

ടൈഗർ ഷ്രോഫ്

Updated on: 

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വെടിവയ്പ്പ് കേസിൽ പിടിയിലായ പ്രതി പ്രായപൂർത്തിയാകാത്ത ആളാണെന്ന വാദത്തിൽ അന്വേഷണം നടത്താൻ മുംബൈയിലെ പ്രത്യേക മക്കോക്ക കോടതി പൊലീസിന് നിർദേശം നൽകി. കേസിലെ പ്രധാന പ്രതിയായ ഫൂൽ സിങ് ഉൾപ്പെടെ അഞ്ച് പേരുടെ പൊലീസ് കസ്റ്റഡി നവംബർ 11 വരെ നീട്ടുകയും ചെയ്തു.

സംഭവം നടക്കുമ്പോൾ തനിക്ക് 17 വയസും 10 മാസവും മാത്രമായിരുന്നു പ്രായമെന്നാണ് ഫൂൽ സിങ്ങിന്‍റെ വാദം. ഒക്റ്റോബർ 18നാണ് ടൈഗർ ഷ്രോഫിന് നേരെ വെടിവയ്പ്പുണ്ടായത്. ഹരിയാനയിലെ ബന്ധപ്പെട്ട അധികൃതർ നൽകിയ ജനന സർട്ടിഫിക്കറ്റിന്‍റെയും ആധാർ കാർഡിന്‍റെയും പകർപ്പുകൾ സഹിതമാണ് പ്രതി കോടതിയിൽ ഹർജി നൽകിയത്. പ്രായപൂർത്തിയാകാത്ത ആളാണെന്ന വാദത്തിൽ അന്വേഷണം നടത്തണമെന്നും അതുവരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കസ്റ്റഡിയിൽ വിടണമെന്നും പ്രതിഭാഗം അഭിഭാഷകർ ആവശ്യപ്പെട്ടു.

എന്നാൽ, നേരത്തെ മൂന്ന് തവണ കോടതിയിൽ ഹാജരാക്കിയപ്പോഴും പ്രതിയോ അഭിഭാഷകനോ പ്രായപൂർത്തിയായിട്ടില്ലെന്ന കാര്യം ഉന്നയിച്ചിരുന്നില്ലെന്ന് ജഡ്ജി എസ്. നവന്ദർ ചൂണ്ടിക്കാട്ടി. പൊലീസാണ് ഇക്കാര്യം കോടതിയിൽ പറയരുതെന്ന് നിർദേശിച്ചതെന്നായിരുന്നു ഇതേക്കുറിച്ചുള്ള ഫൂൽ സിങ്ങിന്‍റെ മറുപടി.

ഒക്റ്റോബർ 19ന് ഹരിയാനയിലെ സോനിപത്തിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് ട്രാൻസിറ്റ് റിമാൻഡിനായി സോനിപത്തിലെ മജിസ്ട്രേറ്റ് കോടതിയിലും പിന്നീട് എസ്പ്ലനേഡ് കോടതിയിലും ഒടുവിൽ പ്രത്യേക മക്കോക്ക കോടതിയിലും ഹാജരാക്കിയിരുന്നു. മൂന്ന് തവണയും അഭിഭാഷകന്‍റെ സാന്നിധ്യത്തിലാണ് കോടതിയിൽ ഹാജരാക്കിയതെന്നും അപ്പോഴൊന്നും പ്രായപൂർത്തിയായിട്ടില്ലെന്ന വാദം ഉന്നയിച്ചിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, പ്രായപൂർത്തിയായിട്ടില്ലെന്ന അവകാശവാദം ഉന്നയിച്ച സാഹചര്യത്തിൽ അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി. 15 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം നൽകി. എന്നാൽ, അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള നീക്കമാകാമെന്ന സാധ്യത ചൂണ്ടിക്കാട്ടി പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റണമെന്ന ആവശ്യം കോടതി നിരസിച്ചു.

മുംബൈയിലെ ജുഹുവിൽ ഫുട്ബോൾ ഗ്രൗണ്ടിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ടൈഗർ ഷ്രോഫിന്‍റെ കാറിന് നേർക്ക് രണ്ട് പേർ അഞ്ച് തവണ വെടിയുതിർത്തത്. 36കാരനായ താരം പരുക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും കാർ ഡ്രൈവർക്കും സംഭവസ്ഥലത്തുണ്ടായിരുന്ന വ്ലോഗർക്കും പരുക്കേറ്റു.

ലോറൻസ് ബിഷ്ണോയി സംഘമാണ് വെടിവയ്പ്പിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ജയിലിലുള്ള ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹായി അനിൽ പണ്ഡിറ്റിന്‍റെ നിർദേശപ്രകാരമാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് വിവരം.