

ടൈഗർ ഷ്രോഫ്
മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്ക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് തോക്കുകളും പത്ത് വെടിയുണ്ടകളും ഗുജറാത്തിലെ സൂറത്തിൽ നിന്ന് മുംബൈ ക്രൈംബ്രാഞ്ച് കണ്ടെടുത്തു. വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
അന്വേഷണ സംഘം നടത്തിയ പ്രത്യേക പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. അക്രമികൾക്ക് ആയുധങ്ങൾ എത്തിച്ചുനൽകിയവരെക്കുറിച്ചുള്ള വിവരങ്ങൾ പിന്തുടർന്ന പൊലീസ് സംഘം സൂറത്തിലെ ഒളിത്താവളത്തിലെത്തുകയായിരുന്നു.
കണ്ടെടുത്ത ആയുധങ്ങളും തിരകളും ശാസ്ത്രീയ പരിശോധനയ്ക്കും ബാലിസ്റ്റിക് പരിശോധനയ്ക്കുമായി അയച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വെടിയുണ്ടകളുടെ അവശിഷ്ടങ്ങളുമായി ഇവയ്ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കും. ആയുധങ്ങൾ എത്തിച്ചുനൽകിയവരുടെ ശൃംഖലയിലെ കൂടുതൽ കണ്ണികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഒക്റ്റോബർ 18ന് വൈകിട്ട് മുംബൈയിലെ ജുഹു മേഖലയിൽ ടൈഗർ ഷ്രോഫിന്‍റെ കാറിനുനേരെ ബൈക്കിലെത്തിയ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ നടൻ കാര്യമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടെങ്കിലും ഡ്രൈവർക്കും സമീപത്തുണ്ടായിരുന്ന ഒരാൾക്കും വെടിയേറ്റു. കാറിനുനേരെ അഞ്ച് മുതൽ ആറ് വരെ തവണ വെടിയുതിർത്തതായാണ് മുംബൈ പൊലീസിന്‍റെ കണ്ടെത്തൽ. അക്രമികൾ ഉപയോഗിച്ചതെന്ന് കരുതുന്ന ബൈക്ക് പിന്നീട് അന്ധേരിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
സംഭവത്തിൽ കൊലപാതകശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിത, ആയുധനിയമം എന്നിവ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നായി ഇതുവരെ പത്ത് പേരെ പിടികൂടി.
വെടിവയ്പ്പിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട ഗുണ്ടാത്തലവൻ അനിൽ പണ്ഡിറ്റിനെ കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അമെരിക്കയിൽ നിന്ന് പ്രവർത്തിക്കുന്നതായി കരുതപ്പെടുന്ന ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ളയാളാണ് അനിൽ പണ്ഡിറ്റ് എന്നാണ് പൊലീസിന്‍റെ ആരോപണം.