സാരിയുടുത്ത് എകെ 47 ഉപയോഗിച്ച് വെടിയുതിർത്ത വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

രാജ്നന്ദ്ഗാവ് ജില്ലാ പൊലീസ് മേധാവി അങ്കിത ശർമയ്ക്കാണ് പൊലീസ് ആസ്ഥാനത്ത് നിന്ന് നോട്ടീസ് നൽകിയത്
IPS officer Ankita Sharma, wearing a saree and firing an AK-47 rifle.

സാരിയുടുത്ത് എകെ 47 തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥയായ അങ്കിത ശർമ

Updated on: 

റായ്പുർ: ഛത്തീസ്ഗഢിൽ ദസറയോടനുബന്ധിച്ച് ആയുധപൂജാ ചടങ്ങിനിടെ എകെ 47 തോക്കുപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്ത വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്. രാജ്നന്ദ്ഗാവ് ജില്ലാ പൊലീസ് മേധാവി അങ്കിത ശർമയ്ക്കാണ് പൊലീസ് ആസ്ഥാനത്ത് നിന്ന് നോട്ടീസ് നൽകിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

ഒക്റ്റോബർ 20ന് വിജയദശമി ദിനത്തിൽ രാജ്നന്ദ്ഗാവിലെ പൊലീസ് ലൈൻസിൽ നടന്ന പരമ്പരാഗത ശസ്ത്രപൂജയ്ക്ക് ശേഷമാണ് അങ്കിത ശർമ എകെ 47 ഉപയോഗിച്ച് നിരവധി തവണ വെടിയുതിർത്തത്. സാരിയുടുത്ത് തോക്കുപയോഗിച്ച് വെടിയുതിർക്കുന്ന അങ്കിതയുടെ ദൃശ്യങ്ങൾ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.

പൊലീസുകാർ ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾക്ക് വിരുദ്ധമാണ് നടപടിയെന്നതിനാൽ സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് രാജ്നന്ദ്ഗാവ് റേഞ്ച് ഐജി അജയ് യാദവ് പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങൾ അവഗണിച്ചതായുള്ള വിമർശനങ്ങളും പൊലീസിന്‍റെ അന്തസിനെ ബാധിക്കുന്ന പരാമർശങ്ങളും ഉയർന്ന സാഹചര്യത്തിൽ വിശദീകരണം തേടിയതായും അദ്ദേഹം വ്യക്തമാക്കി. അങ്കിത ശർമയുടെ മറുപടി ലഭിച്ചശേഷം പൊലീസ് ആസ്ഥാനത്തിന് റിപ്പോർട്ട് കൈമാറുമെന്നും തുടർനടപടികൾ നിർദേശങ്ങൾക്കനുസരിച്ചായിരിക്കുമെന്നും ഐജി അറിയിച്ചു.

സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. പരമ്പരാഗത ആചാരത്തിന്‍റെ ഭാഗമായാണ് വെടിയുതിർത്തതെന്ന് ചൂണ്ടിക്കാട്ടി ചിലർ അങ്കിതയെ പിന്തുണച്ചപ്പോൾ ആയുധം കൈകാര്യം ചെയ്ത രീതിയെ മറ്റുചിലർ വിമർശിച്ചു. പരിശീലനം ലഭിച്ച ഐപിഎസ് ഉദ്യോഗസ്ഥയാണ് അങ്കിതയെന്നും സാരിയുടുത്ത് വെടിയുതിർത്തതാണ് വിമർശനങ്ങൾക്ക് ഭാഗികമായി കാരണമായതെന്നും മറ്റു ചിലർ അഭിപ്രായപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com