
ബംഗളൂരു: ഇരുപത്തിനാലു വർഷമായി അടച്ചിട്ടിരുന്ന "അപശകുന' വാതിൽ കർണാടക മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യ തുറന്നു. അന്നഭാഗ്യ പദ്ധതിയെക്കുറിച്ച് ഉദ്യോഗസ്ഥരുമായി ശനിയാഴ്ച നടന്ന ചർച്ചയ്ക്കിടെയാണു മുഖ്യമന്ത്രിയുടെ ചേംബറിൽ നിന്നു തെക്കോട്ടിറങ്ങുന്ന വാതിൽ സിദ്ധരാമയ്യ തുറന്നത്. 1998ൽ അന്നത്തെ മുഖ്യമന്ത്രി ജെ.എച്ച്. പട്ടേൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ വാസ്തുദോഷമെന്ന മുദ്രകുത്തി അടച്ചിട്ടിരുന്ന വാതിലാണിത്. പിന്നീടുവന്ന മുഖ്യമന്ത്രിമാരൊന്നും ഇതു തുറക്കാൻ തയാറായില്ല. എന്നാൽ, യുക്തിവാദിയായ സിദ്ധരാമയ്യ ഇത്തരം ഭയങ്ങളൊന്നുമില്ലാതെ വാതിൽ തുറക്കുകയായിരുന്നു.
ശനിയാഴ്ച യോഗത്തിനെത്തിയപ്പോൾ ഒരു വാതിൽ മാത്രം തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ ഉദ്യോഗസ്ഥരാണ് "അപശകുനഭീതി'യെക്കുറിച്ചു പറഞ്ഞത്. എന്നാൽ, അങ്ങനെയൊന്നില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി വാതിലിനു മുന്നിലേക്കു നീങ്ങിയശേഷം തുറന്നിടാൻ നിർദേശിച്ചു.
ശരിയായ വാസ്തു എന്നാൽ സൂര്യപ്രകാശവും വായുവും കടക്കുക എന്നതാണെന്നു വിശദീകരിച്ച സിദ്ധരാമയ്യ, ആരോഗ്യമുള്ള മനസും ശുദ്ധമായ ഹൃദയവും ജനങ്ങളെക്കുറിച്ചുള്ള കരുതലും എവിടെയാണോ അവിടെയാണ് നല്ല വാസ്തുവെന്നും ഓർമിപ്പിച്ചു.
മുൻപ് മുഖ്യമന്ത്രിയായിരിക്കെ സിദ്ധരാമയ്യ ചാമരാജ് നഗർ സന്ദർശിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അധികാരം നഷ്ടമാകുമെന്നു ഭയന്നു കർണാടക മുഖ്യമന്ത്രിമാർ ചാമരാജ് നഗർ സന്ദർശനം ഒഴിവാക്കുന്നത് പതിവായിരിക്കെയായിരുന്നു സിദ്ധരാമയ്യയുടെ സന്ദർശനം.