
ന്യൂഡൽഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം കോൺഗ്രസ് നേരിട്ട രാഷ്‌ട്രീയ പ്രതിസന്ധിക്ക് പരിഹാരമായെന്ന ധാരണ പരന്ന ശേഷം വീണ്ടും അനിശ്ചിതത്വം. സിദ്ധരാമയ്യയെ തന്നെ ദേശീയ നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേക്കു നിർദേശിച്ചതായാണ് ആദ്യ റിപ്പോർട്ട് വന്നത്. എന്നാൽ, ഔദ്യോഗിക പ്രഖ്യാപനം വൈകുന്നതോടെ വീണ്ടും അനിശ്ചിതത്വമായി.
സർക്കാരിന്‍റെ അഞ്ച് വർഷ കാലയളവിൽ ആദ്യ രണ്ടു വർഷത്തേക്കു മാത്രമായിരിക്കും സിദ്ധരാമയ്യയുടെ കാലാവധി എന്നായിരുന്നു ധാരണ. തുടർന്നുള്ള മൂന്നു വർഷം ഡി.കെ. ശിവകുമാറും മുഖ്യമന്ത്രിയാകണമെന്നും നിർദേശിച്ചിരുന്നു.
ഇരു നേതാക്കളുമായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പാർട്ടി നേതാവ് രാഹുൽ ഗാന്ധിയും പ്രത്യേകം ചർച്ച നടത്തിയിരുന്നു. ഖാർഗെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും പാർട്ടി വൃത്തങ്ങൾ സൂചന നൽകിയിരുന്നു.
എന്നാൽ, ചർച്ചയ്ക്കു ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകാതെയാണ് ഡി.കെ. ശിവകുമാർ മടങ്ങിയതോടെ വീണ്ടും അനിശ്ചിതത്വമായി. പ്രഖ്യാപനം ബംഗളൂരുവിൽ നടത്താനാണ് പാർട്ടി ആലോചിക്കുന്നതെന്നും സൂചനയുണ്ട്.