
ഒട്ടാവ: ക്യാനഡയിൽ ഗൂണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ സിഖ് യുവാവും പതിനൊന്നു വയസുള്ള മകനും കൊല്ലപ്പെട്ടു. ഹർപ്രീത് ഉപ്പൽ എന്ന നാൽപ്പത്തൊന്നുകാരനും മകനുമാണ് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം ഗ്യാസ് സ്റ്റേഷന്‍റെ പുറത്ത് കാറിനുള്ളിലിരിക്കെ വെടിയേറ്റു മരിച്ചത്. മകന്‍റെ സുഹൃത്തായ കുട്ടിയും ഇവർക്കൊപ്പം കാറിലുണ്ടായിരുന്നു. ആ കുട്ടിയെ ആക്രമിച്ചില്ല. പടിഞ്ഞാറൻ ക്യാനഡയിലെ ആൽബർട്ടയുടെ തലസ്ഥാനമായ എഡ്മണ്ടനിലാണു സംഭവം.
ഉപ്പലിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നെന്ന് പ്രദേശത്തെ കൗൺസിലർ കെരെൻ ടങ് പറഞ്ഞു. കുട്ടിയെ കൊലപ്പെടുത്തിയത് നടുക്കുന്നുവെന്നും ടങ്. ബ്രിട്ടിഷ് കൊളംബിയയിൽ ഗൂണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ പതിവാണ്. ഇതിന്‍റെ ഭാഗമാണ് വെടിവയ്പ്പെന്ന് പൊലീസ്.
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തെച്ചൊല്ലി ഇന്ത്യയും ക്യാനഡയും തമ്മിൽ നയതന്ത്ര ഭിന്നത രൂക്ഷമായിരിക്കെയാണ് സിഖ് വംശജനും മകനും കൊല്ലപ്പെടുന്നത്.