
കർണാടക: കർണാടകയിൽ ഇന്ന് നിശബ്ദപ്രചരണം. അഴിമതിയും വികസനവും വർഗീയതയും തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്ത പരസ്യപ്രചരണത്തിന്‍റെ കൊട്ടിക്കലാശമായിരുന്നു ഇന്നലെ. സ്ഥാനാർഥികളും പ്രവർത്തകരും ഒന്നടങ്കം അവസാന വോട്ടും ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.
ഒരുമാസം നീണ്ടു നിന്ന പ്രചരണത്തിനൊടുവിലാണ് കർണാടക നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. ജാതിവോട്ടുകൾ ലക്ഷ്യമിട്ടായിരുന്നു പ്രധാന രാഷ്ട്രീയ പാർട്ടികളുടെ പ്രചരണം. ക്ഷീര കർഷകരുടെയും കരിമ്പ് കർഷകരുടെയും ദുരിതങ്ങളും പ്രചരണത്തിൽ ചർച്ചയായിരുന്നു.
പ്രചരണത്തിനിടെ സോണിയ ഗാന്ധി ഉയർത്തിയ പരാമർശം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കർണാടകയുടെ പരമാധികാരത്തിനോ സൽപ്പേരിനോ അഖണ്ഡതയ്‌ക്കോ കളങ്കം സൃഷ്ടിക്കാൻ ആരെയും അനുവദിക്കില്ലെന്നായിരുന്നു സോണിയയുടെ വാക്കുകൾ. ഇതിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രചരങ്ങളിലാണ് ബിജെപി ഉറ്റുനോക്കുന്നത്. കോൺഗ്രസ് പ്രകടന പത്രികയിലെ ബജ്റംഗ്ദൾ നിരോധന പ്രഖ്യാപനവും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് ബിജെപിയുടെ കണക്കുക്കൂട്ടൽ.
അതേസമയം കോൺഗ്രസ് നൽകിയ അഞ്ച് വാഗ്ദാനങ്ങളും രാഹുൽഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പ്രചരണവും ബിജെപിക്ക് വെല്ലുവിളിയാകുമോ എന്ന ആശങ്കും നിലനിൽക്കുന്നുണ്ട്.
അവസാന മണിക്കൂറുകളിൽ പ്രധാനമന്ത്രിയും പ്രിയങ്ക ഗാന്ധിയുമൊക്കെ നടത്തിയ റോഡ് ഷോ ഇരുവിഭാഗത്തിനും ഒരുപോലെ പ്രതീക്ഷ നൽകുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനലായാണ് കർണാടക തെരഞ്ഞെടുപ്പിനെ വിലയിരുത്താറ്. അങ്ങനെയിരിക്കെ ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ നിർണായകമാണ് ഈ തെരഞ്ഞെടുപ്പ്.