ഒറ്റത്തെരഞ്ഞെടുപ്പ് സാമ്പത്തിക നേട്ടം: രാഷ്‌ട്രപതി

ബ്രിട്ടിഷ് കാലഘട്ടത്തിലെ ക്രിമിനൽ നിയമങ്ങൾക്ക് പകരം മൂന്ന് പുതിയ ആധുനിക നിയമങ്ങൾ കൊണ്ടുവന്നത് ഇതിന്‍റെ ഭാഗമാണ്.
single election brings economic benefits: president
ദ്രൗപദി മുർമു
Updated on

ന്യൂഡൽഹി: "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയത്തിന് സദ്ഭരണത്തെ പുനർനിർവചിക്കാനുള്ള ശേഷിയുണ്ടെന്നു രാഷ്‌ട്രപതി ദ്രൗപദി മുർമു. ഭരണത്തിൽ സുസ്ഥിരത ഉറപ്പുവരുത്താനും നയങ്ങളിലെ മരവിപ്പ് തടയാനും വിഭവങ്ങളുടെ തരംമാറ്റൽ ഇല്ലാതാക്കാനും സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭാരം ഒഴിവാക്കാനും ഈ ആശയത്തിനു കഴിയുമെന്നും അവർ. എഴുപത്താറാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്‌ട്രത്തോടായി നടത്തിയ പ്രസംഗത്തിലാണു രാഷ്‌ട്രപതി ഒറ്റത്തെരഞ്ഞെടുപ്പിന്‍റെ നേട്ടങ്ങൾ നിരത്തിയത്.

"പതിറ്റാണ്ടുകളായി രാജ്യത്ത് നിലനിൽക്കുന്ന കൊളോണിയൽ ചിന്താഗതിയുടെ അവശിഷ്ടങ്ങൾ നീക്കാനാണു സർക്കാരിന്‍റെ ശ്രമം. ബ്രിട്ടിഷ് കാലഘട്ടത്തിലെ ക്രിമിനൽ നിയമങ്ങൾക്ക് പകരം മൂന്ന് പുതിയ ആധുനിക നിയമങ്ങൾ കൊണ്ടുവന്നത് ഇതിന്‍റെ ഭാഗമാണ്. ആ ചിന്താഗതി മാറ്റാനുള്ള നിശ്ചയദാർഢ്യത്തോടെ നടത്തുന്ന യോജിച്ചുള്ള ശ്രമങ്ങൾക്കാണു രാജ്യം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.

"ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' പദ്ധതിക്ക് മെച്ചപ്പെട്ട ഭരണവും കുറഞ്ഞ സാമ്പത്തിക ബുദ്ധിമുട്ടും ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ നൽകാൻ കഴിയും." ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിച്ചട്ടം, ഇന്ത്യൻ തെളിവ് നിയമം എന്നിവയ്ക്ക് പകരം ഇന്ത്യൻ പാരമ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന പുതിയ നിയമങ്ങൾ കൊണ്ടുവരേണ്ടതുണ്ടായിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ ശക്തമായ ഊന്നൽ നൽകുക, ശിക്ഷയെക്കാൾ നീതിയുടെ വിതരണത്തിന് മുൻഗണന നൽകുക തുടങ്ങിയ ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ് ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിതത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവ അവതരിപ്പിച്ചത്.

സ്വാതന്ത്ര്യം നേടുമ്പോൾ രാജ്യത്തിന്‍റെ പല ഭാഗങ്ങളും പട്ടിണിയിലും ദാരിദ്ര്യത്തിലുമായിരുന്നു. എന്നാൽ, അതിൽ നിന്നു നാം പുറത്തുകടക്കുമെന്നും വളരുമെന്നുമുള്ള ഉറച്ച ബോധ്യമുണ്ടായിരുന്നു നമുക്ക്. കർഷകരുടെയും തൊഴിലാളികളുടെയും സംഭാവനകൾ ചൂണ്ടിക്കാട്ടിയ രാഷ്‌ട്രപതി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ ആഗോള സാമ്പത്തിക രംഗത്ത് നിർണായക പങ്കാണ് വഹിക്കുന്നതെന്നും കൂട്ടച്ചേർത്തു. ഭരണഘടന സ്ഥാപിച്ച ചട്ടക്കൂടിൽ വേരൂന്നിയതാണ് ഈ പരിവർത്തനം.

സമീപ വർഷങ്ങളിൽ തുടർച്ചയായി സാമ്പത്തിക വളർച്ചാ നിരക്ക് മെച്ചപ്പെട്ട നിലയിലാണ്. ഇതു തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും കർഷകർക്കും തൊഴിലാളികൾക്കും വരുമാനം വർധിപ്പിക്കുകയും അനേകരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുകയും ചെയ്തു. എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കും ക്ഷേമത്തിനുമാണു സർക്കാരിന്‍റെ മുൻഗണന. പൗരന്മാർക്ക് ഭവനം, ശുദ്ധമായ കുടിവെള്ള അവകാശങ്ങൾ ലഭ്യമാക്കൽ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുകയാണു സർക്കാർ പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളെ, പ്രത്യേകിച്ച് പട്ടികജാതി (എസ്‌സി), പട്ടികവർഗം (എസ്‌ടി), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) എന്നിവയിൽ ഉൾപ്പെടുന്നവരെ പിന്തുണയ്ക്കുന്നതിനാണ് സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നത്.

പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക് സ്‌കോളർഷിപ്പുകൾ, ദേശീയ ഫെലോഷിപ്പുകൾ, പ്രധാൻ മന്ത്രി അനുശുചിത് ജാതി അഭ്യുദയ് യോജന, പ്രധാനമന്ത്രി ജനജാതി ആദിവാസി ന്യായ മഹാ അഭിയാൻ തുടങ്ങി പദ്ധതികൾ പാർശ്വവത്കരിക്കപ്പെട്ടവർക്കു വേണ്ടിയാണെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.

നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ആധുനിക സങ്കൽപ്പങ്ങൾ മാത്രമല്ല. ഇവയെല്ലാം എക്കാലവും നമ്മുടെ നമ്മുടെ നാഗരികതയുടെയും പൈതൃകത്തിന്‍റെയും അവിഭാജ്യഘടകമായിരുന്നു." ഭരണഘടനയുടെ ഭാവിയെക്കുറിച്ചുള്ള സംശയങ്ങൾ തെറ്റാണെന്ന് തെളിയിക്കപ്പെട്ടു.

രാജ്യത്തിന്‍റെ ജനാധിപത്യ ചട്ടക്കൂട് രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച 15 വനിതാ അംഗങ്ങൾ ഉൾപ്പെടെ, രാജ്യത്തുടനീളമുള്ള വൈവിധ്യമാർന്ന സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന ഭരണഘടനാ അസംബ്ലിയുടെ ഉൾക്കൊള്ളുന്ന സ്വഭാവം മുർമു എടുത്തുപറഞ്ഞു.ലോകത്തിന്‍റെ പല ഭാഗങ്ങളിലും സ്ത്രീ സമത്വം വിദൂര ലക്ഷ്യമായിരുന്നപ്പോൾ, ഇന്ത്യൻ സ്ത്രീകൾ രാജ്യത്തിന്‍റെ ഭാഗധേയം നിർണയിക്കുന്നതിൽ സജീവമായിരുന്നെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com