എസ്ഐആർ: പുറത്തായവർക്ക് ഫോം 6 വഴി അപേക്ഷിക്കാം

മുൻപ് പട്ടികയിലുണ്ടായിരുന്നെന്ന കാരണത്താൽ മാത്രം നടപടിയുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ സത്യവാങ്മൂലം
SIR: Excluded Voters Can Reapply via Form 6, EC Tells Supreme Court

എസ്ഐആർ പരിഷ്കരണം; നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ.

Updated on: 

ന്യൂഡൽഹി: വോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ (എസ്ഐആർ) ഭാഗമായി പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ പേര് വിട്ടുപോയവർക്ക് നിയമനടപടി ഭയപ്പെടാതെ 'ഫോം 6' വഴി വീണ്ടും അപേക്ഷിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ചു. മുൻപ് വോട്ടർ പട്ടികയിൽ പേരുണ്ടായിരിക്കുകയും എസ്ഐആറിനെത്തുടർന്നു പുറത്താകുകയും ചെയ്തവർക്കാണ് ഈ അവസരം. ഇക്കാര്യത്തിൽ പ്രാദേശിക ഭാഷകളിലടക്കം വ്യാപകമായ ബോധവത്കരണം നടത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർമാർക്ക് (സിഇഒ) നിർദേശം നൽകിയതായും കമ്മിഷൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

മുൻപുള്ള വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നവർ വീണ്ടും ഫോം 6 വഴി അപേക്ഷിച്ചാൽ, 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ 31-ാം വകുപ്പ് പ്രകാരം പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടിവരുമോ എന്ന ആശങ്ക പലരും ഉന്നയിച്ചിരുന്നു. ഇതേത്തുടർന്നാണു കമ്മിഷന്‍റെ വിശദീകരണം. അപേക്ഷകന് മറ്റേതെങ്കിലും ലോക്‌സഭാ-നിയമസഭാ മണ്ഡലത്തിൽ വോട്ടില്ലെങ്കിൽ, മുൻപ് പട്ടികയിൽ പേരുണ്ടായിരുന്നെന്ന കാരണത്താൽ മാത്രം ഫോം 6 നൽകുന്നതിനെതിരേ ഒരു നിയമനടപടിയും സ്വീകരിക്കില്ലെന്ന് സത്യവാങ്മൂലം വ്യക്തമാക്കുന്നു.

ഹാജരില്ലാത്തവർ, താമസം മാറിയവർ, മരിച്ചവർ, ഇരട്ടിപ്പ് വന്നവർ (എഎസ്ഡിഡി) എന്നീ വിഭാഗങ്ങളിൽപ്പെട്ട് പുറത്തായ അർഹരായ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്താൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ആറിന് വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സിഇഒമാർക്ക് കമ്മിഷൻ പ്രത്യേക നിർദേശങ്ങൾ നൽകി. താമസം മാറാത്ത വോട്ടർമാർക്ക്, മുൻപ് ഫോം നൽകാൻ കഴിയാതിരുന്നതിന്‍റെ കാരണം വ്യക്തമാക്കുന്ന 'അനക്സ്ചർ-ബി' പ്രസ്താവനയോടൊപ്പം പൂരിപ്പിച്ച എന്യൂമറേഷൻ ഫോം സമർപ്പിക്കാം. ഇആർഒ, എഇആർഒ, ബിഎൽഒ എന്നിവർക്ക് നേരിട്ടോ കുടുംബാംഗങ്ങൾ വഴിയോ ഇത് നൽകാം. ഓൺലൈനായും അപേക്ഷിക്കാനുള്ള സൗകര്യമുണ്ടാകും.