

ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലഖ്നൗ: പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെ (എസ്ഐആർ) പിന്തുണച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അനധികൃതമായി ചേർത്ത അയോഗ്യരായവരുടെ പേരുകൾ കണ്ടെത്തുകയും അവ വോട്ടർപട്ടികയിൽ നിന്ന് നീക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ സുരക്ഷയ്ക്കും ഐക്യത്തിനും പ്രധാനപ്പെട്ടതാണെന്ന് ആദിത്യനാഥ് പറഞ്ഞു. തിങ്കളാഴ്ച പങ്കുവച്ച എക്സ് പോസ്റ്റിലൂടെയാണ് ആദിത്യനാഥിന്‍റെ പ്രതികരണം.
രാജ്യത്തിന്‍റെ ജനാധിപത്യപരമായ പാരമ്പര്യം ശക്തിപ്പെടുത്താൻ എസ്ഐആർ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ടെന്ന് ആദിത്യനാഥ് പറഞ്ഞു. മരണപ്പെട്ടവർ, സ്ഥിരമായി താമസം മാറിയവർ തുടങ്ങിയവരുടെ രേഖകൾ പരിശോധിച്ച് ഉറപ്പിക്കാൻ എസ്ഐആർ അനിവാര്യമാണ്. 18 വയസ് പൂർത്തിയായ എല്ലാവരും വോട്ടർപട്ടികയിൽ പേര് രജിസ്റ്റർ ചെയ്യണമെന്നും ആദിത്യനാഥ് അഭ്യർഥിച്ചു.
എസ്ഐആറിന്‍റെ പേരിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജിക്കായി പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളും സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് ആദിത്യനാഥിന്‍റെ പ്രതികരണമെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോക്രോച്ച് ജനത പാർട്ടി അടക്കമുള്ളവരുടെ നേതൃത്വത്തിൽ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ ശക്തമായ സമരമാണ് നടക്കുന്നത്. നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ നിഷേധിച്ചിട്ടുണ്ട്.