

തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഇന്ത്യാ സഖ്യത്തിലെ എംപിമാരുടെ മാർച്ച് ചൊവ്വാഴ്ച
ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരേ (എസ്ഐആർ) ഇന്ത്യാ സഖ്യം പ്രഖ്യാപിച്ച പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തിന് ചുറ്റും ചൊവ്വാഴ്ച സുരക്ഷ ശക്തമാക്കി.
എസ്‌ഐആർ നടപടിക്കെതിരേ വിവിധ സംഘടനകൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ വെള്ളിയാഴ്ച മുതൽ ഡൽഹിയിലെ പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
വോട്ടർപട്ടിക പരിഷ്കരണത്തിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് നിരവധി സംഘടനകളും പ്രതിപക്ഷ പാർട്ടികളും ദേശീയ തലസ്ഥാനത്ത് പ്രതിഷേധങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യാ സഖ്യത്തിലെ പ്രതിപക്ഷ എംപിമാർ ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്നും എസ്‌ഐആർ നടപടിയെക്കുറിച്ചുള്ള ആശങ്കകൾ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അറിയിക്കുമെന്നും സഖ്യം അറിയിച്ചു.
സെപ്റ്റംബർ 30ന് ചേർന്ന 19 പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് ശേഷമാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ഇതോടെയാണ്
തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിനും മറ്റ് സെൻസിറ്റീവ് കേന്ദ്രങ്ങൾക്കും ചുറ്റും സുരക്ഷാ വിന്യാസം വർധിപ്പിച്ചത്. ഗതാഗതം നിയന്ത്രിക്കുന്നതിനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനുമായി സുരക്ഷാ ഉദ്യോഗസ്ഥരെ വിവിധയിടങ്ങളിൽ വിന്യസിച്ചു.
എസ്‌ഐആർ നടപടിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ വിമർശനം തെരഞ്ഞെടുപ്പ് കമ്മിഷൻ നേരിടുന്നുണ്ട്. എന്നാൽ കമ്മിഷനിലെ മൂന്ന് അംഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്ന ആരോപണം തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിട്ടുണ്ട്. എസ്‌ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഏകകണ്ഠമായാണ് എടുത്തതെന്നും കമ്മിഷൻ വ്യക്തമാക്കി.