
Snake
Representative image
മൊറീന: നാടോടിക്കഥകൾക്ക് സമാനമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിച്ചതിന്‍റെ ഞെട്ടലിലാണ് മധ്യപ്രദേശിലെ മൊറീനയിലുള്ളവർ. അപ്രതീക്ഷിതമായി ചത്തു പോയ ആൺപ്പാമ്പിനരികിൽ 24 മണിക്കൂറോളം കാവലിരുന്ന് വിഷമിച്ച് നെഞ്ച് പൊട്ടി ജീവൻ വെടിഞ്ഞ ഇണപ്പാമ്പാണ് ഗ്രാമീണരെ അദ്ഭുതപ്പെടുത്തുന്നത്.
മൊറീനയിലെ പഹട്ഗഡ് പഞ്ചായത്ത് സമിതിയിലെ ധുർകുഡ കോളനിയിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ റോഡിലൂടെ കടന്നു പോയ ഒരു പാമ്പിനു മേലേ വാഹനം കയറി. ചത്ത പാമ്പിനെ നാട്ടുകാർ എടുത്ത് വഴിയരികിലേക്ക് മാറ്റിയിട്ടിരുന്നു. അൽപ സയമം കഴിഞ്ഞപ്പോഴേക്കും അതിനടുത്തേക്ക് ഇണപ്പാമ്പെത്തി. ആൺപാമ്പ് ചത്തുവെന്ന് ഉറപ്പായതോടെ ഇണപ്പാമ്പ് അതിനരികിൽ തന്നെ കിടന്നു.
ഏതാണ്ട് 24 മണിക്കൂറോളം അതേ നിലയിൽ പാമ്പ് തുടർന്നുവെന്ന് ഗ്രാമീണർ പറയുന്നു. നാട്ടുകാർ ചുറ്റും കൂടിയിട്ടും ഇണപ്പാമ്പ് ഭയക്കുകയോ ആക്രമിക്കുവാൻ ശ്രമിക്കുകയോ ചെയ്തില്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈകാതെ ഇണപ്പാമ്പും ജീവൻ വെടിയുകയായിരുന്നു. ഇരു പാമ്പുകളുടെയും മൃതദേഹം നാട്ടുകാർ പ്രാർഥനകളോടെ കുഴിച്ചിട്ടു. പാമ്പുകൾ ജീവൻ വെടിഞ്ഞ പ്രദേശത്ത് നാഗത്തിനായി ഒരു കുടീരം പണിയാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.