ലാവ്‌ലിൻ കേസ് വീണ്ടും സുപ്രീം കോടതിയിൽ; പരിഗണിക്കുന്നത് 36-ാം തവണ

ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാകും കേസ് പരിഗണിക്കുക.
സുപ്രീം കോടതി
സുപ്രീം കോടതി
Updated on

ന്യൂഡല്‍ഹി: എസ്എൻസി ലാവ്‌ലിൻ കേസ് സുപ്രീം കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ആറുവർഷത്തിനിടെ 35 തവണയാണ് കേസ് ലിസ്റ്റ് ചെയ്തു മാറ്റിവയ്ക്കപ്പെട്ടത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാകും കേസ് പരിഗണിക്കുക.

2017ല്‍ സുപ്രീംകോടതിയിലെത്തിയ ലാവ്‌ലിൻ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 35 തവണ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഒക്റ്റോബർ പത്തിനും കേസ് ലിസ്റ്റ് ചെയ്തിരുന്നു. എന്നാൽ അന്നു കേസ് സുപ്രീം കോടതി പരിഗണിച്ചില്ല. വാദം കേട്ട മറ്റു കേസുകള്‍ നീണ്ടു പോയതിനാലാണ് ലാവ്‌ലിന്‍ കേസ് ഒക്റ്റോബർ പത്തിനു പരിഗണിക്കാതിരുന്നത്.

ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഉജ്ജൽ ഭുവിയാൻ എന്നിവരാണു ബെഞ്ചിലെ മറ്റംഗങ്ങള്‍. കഴിഞ്ഞ സെപ്റ്റംബറിലും കേസ് പരിഗണനയ്ക്ക് എത്തിയെങ്കിലും സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി, രാജു മറ്റൊരു കേസിന്‍റെ തിരക്കിലായതിനാൽ കേസ് മാറ്റി. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി‌ ലാവ്‌ലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണു കേസ്.

മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജവകുപ്പ്‌ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയന്‍റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017-ലെ ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹർജിയും വിചാരണ നേരിടേണ്ട വൈദ്യുതിബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി. രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ. ശിവദാസൻ, മുൻ ചീഫ് എൻജിനിയർ കസ്‌തൂരിരംഗ അയ്യർ എന്നിവർ ഇളവു വേണമെന്ന് ആവശ്യപ്പെടുന്ന ഹർജികളുമാണു സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com