പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട സമൂഹ മാധ്യമ കേസ്; മലപ്പുറം സ്വദേശിയെ എട്ട് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

മലപ്പുറം ഐക്കരപ്പടി സ്വദേശി മുഹമ്മദ് സനൂഫി (26)നെയാണ് കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി കസ്റ്റഡിയിൽ വിട്ടത്
A native of Malappuram has been remanded to eight days of NIA custody.

മലപ്പുറം സ്വദേശിയെ എട്ട് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

Updated on: 

കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി സ്വദേശി എൻ. രാമചന്ദ്രന്‍റെ മകളെ ഉൾപ്പെടുത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയ്ക്ക് താഴെ അധിക്ഷേപകരമായ കമന്‍റിട്ടെന്ന കേസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശിയെ എട്ട് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. മലപ്പുറം ഐക്കരപ്പടി സ്വദേശി മുഹമ്മദ് സനൂഫി (26)നെയാണ് കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി കസ്റ്റഡിയിൽ വിട്ടത്.

നവംബർ 13 വരെയാണ് എൻഐഎയ്ക്ക് കസ്റ്റഡി അനുവദിച്ചത്. എൻഐഎയുടെ അപേക്ഷയും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെയും പ്രതിഭാഗം അഭിഭാഷകന്‍റെയും വാദങ്ങളും കേട്ട ശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

കേരള പൊലീസിന്‍റെ ഭീകരവിരുദ്ധ സേനയായ എടിഎസിൽ നിന്ന് അടുത്തിടെയാണ് കേസ് എൻഐഎ ഏറ്റെടുത്തത്. ഇടുക്കി മുട്ടം പൊലീസാണ് സനൂഫിനെതിരേ കേസെടുത്തത്. ഈ വർഷം വിദേശത്ത് നിന്ന് തിരിച്ചെത്തിയപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സനൂഫിന്‍റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി സംശയിക്കുന്ന ചില സംഘടനകളുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്നാണ് എടിഎസ് അന്വേഷണം വ്യാപിപ്പിച്ചതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

അസ്ഹരി ഖുറൈഷി, ഫൈസാൻ മുഹമ്മദ്, ഷഹീർ, ഷൊയ്ബ് അഹമ്മദ്, ഇബ്ൻ അഹമ്മദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികളെന്നും ഇവർ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണെന്നാണ് സംശയമെന്നും അന്വേഷണസംഘം വ്യക്തമാക്കി. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇവർ രാജ്യത്ത് ഏതെങ്കിലും ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്നാണ് എൻഐഎ പ്രധാനമായും അന്വേഷിക്കുന്നത്.