

സോനം വാങ്ചുക്ക്, ഗീതാഞ്ജലി ആങ്മോ
ന‍്യൂഡൽഹി: പരിസ്ഥിതി പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ സോനം വാങ്ചുക്കിനെ ഡൽഹയിലെ സഫ്ദർജംഗ് ആശുപത്രിയിൽ നിന്നും സ്വകാര‍്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ‍്യവുമായി ഭാര‍്യ ഗീതാഞ്ജലി ആങ്മോ. ഇതു സംബന്ധിച്ച് അവർ ഡൽഹി ഹൈക്കോടതിയിൽ അടിയന്തര ഹർജി സമർപ്പിച്ചു. ആശുപത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് ഗീതാഞ്ജലി പറയുന്നത്.
ആരോഗ‍്യസ്ഥിതി വഷളാകുന്നതിന് മുൻപ് തന്‍റെ ഇഷ്ടപ്രകാരമുള്ള സ്വകാര‍്യ ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് ഗീതാഞ്ജലിയുടെ ആവശ‍്യം. ആവർത്തിച്ച് അഭ‍്യർഥിച്ചിട്ടും തന്നോട് ചില കാര‍്യങ്ങൾ മാത്രമാണ് ആശുപത്രി അധികൃതർ വെളിപ്പെടുത്തിയതെന്നും പൊട്ടാസ‍്യത്തിന്‍റെ അളവിൽ ആശുപത്രി അധികൃതർ നൽകിയ വിവരങ്ങളിൽ പൊരുത്തക്കേടുണ്ടെന്നും ഗീതാഞ്ജലി പറയുന്നു.
അതേസമയം, ചികിത്സയുടെ മറവിൽ തന്നെ ആശുപത്രിയിൽ തടങ്കലിൽ വച്ചിരിക്കുകയാണെന്ന് സോനം വാങ്ചുക്ക് അഭിപ്രായപ്പെട്ടു. ആശുപത്രിയിൽ 100ലധികം പൊലീസുകാരുണ്ടെന്നും കുടുംബത്തിന്‍റെ നീക്കങ്ങൾ നിയന്ത്രിക്കുന്നുവെന്നും ഇത് ഭരണഘടനയുടെ 19,21 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും ഗീതാഞ്ജലിയുടെ ഹർജിയിൽ പറയുന്നു.