

സോനം വാങ്ചുക്
ന്യൂഡൽഹി: അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ നിന്ന് ഗുഡ്ഗാവിലെ മെദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച നിർദേശിച്ചു. വാങ്ചുക്കിന്‍റെ ചികിത്സ സംബന്ധിച്ച് സമർപിച്ച ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായയും ജസ്റ്റിസ് തേജസ് കാരിയയും ഉൾപ്പെട്ട ബെഞ്ചിന്‍റെ നിർദേശം. ഗുഡ്ഗാവിലെ സെക്റ്റർ 38ലുള്ള പ്രമുഖ സ്വകാര്യ ആശുപത്രിയാണ് മെദാന്ത.
ജൂൺ 28 മുതൽ പരീക്ഷാ ക്രമക്കേടുകൾ ആരോപിച്ച് നിരാഹാര സമരം തുടരുന്ന വാങ്ചുക്കിന്‍റെ ഭാര്യ ഗീതാഞ്ജലി ആങ്മോ നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്. സഫ്ദർജങ് ആശുപത്രിയിലെ ചികിത്സയിൽ ഇടപെടാൻ വിസമ്മതിച്ച ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഞായറാഴ്ച പുറപ്പെടുവിച്ച ഉത്തരവിനെതിരെയായിരുന്നു അപ്പീൽ.
കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, വാങ്ചുക്കിനെ മെദാന്ത ആശുപത്രിയിലേക്ക് മാറ്റുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്ന് കോടതിയെ അറിയിച്ചു. എന്നാൽ, ചികിത്സിക്കുന്ന ഡോക്റ്റർമാരുടെ നിർദേശത്തിന് വിരുദ്ധമായി മെദാന്ത ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആവശ്യപ്പെടാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സഫ്ദർജങ് ആശുപത്രിയിൽ വാങ്ചുക്കിന്‍റെ ചികിത്സ നിരീക്ഷിക്കുന്ന എയിംസിലെ ഡോക്റ്റർമാരുമായും വാങ്ചുക്കിന്‍റെ സ്വകാര്യ ഡോക്റ്ററുമായും കോടതി ആശയവിനിമയം നടത്തി. വാങ്ചുക്കിന് തുടർച്ചയായ മെഡിക്കൽ നിരീക്ഷണം അനിവാര്യമാണെന്ന കാര്യത്തിൽ എല്ലാവർക്കും ഏകാഭിപ്രായമാണെന്ന് കോടതി നിരീക്ഷിച്ചു.
വാങ്ചുക്കിനെ സഫ്ദർജങ് ആശുപത്രിയിൽ തുടരാൻ നിർബന്ധിതനാക്കുന്നതിലൂടെ അദ്ദേഹത്തിന്‍റെയോ ഭാര്യയുടെയോ ചികിത്സാ തീരുമാനങ്ങളിലുള്ള അവകാശം ഇല്ലാതാക്കുകയാണെന്നും, യാതൊരു അറസ്റ്റ് നടപടിയും ഇല്ലാതെ ആശുപത്രിയിൽ തുടരാൻ നിർബന്ധിക്കുന്നതാണെന്നും ഗീതാഞ്ജലി ആങ്മോ അപ്പീലിൽ ആരോപിച്ചു. നിരാഹാര സമരത്തിന്‍റെ 21-ാം ദിവസം, ജന്തർ മന്തറിൽ നിന്ന് ഡൽഹി പൊലീസ് വാങ്ചുക്കിനെ ബലം പ്രയോഗിച്ച് സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഞായറാഴ്ച പ്രത്യേക സിറ്റിങ്ങിൽ കേസ് പരിഗണിച്ച ജസ്റ്റിസ് മിനി പുഷ്കർണ, വാങ്ചുക്കിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയ നടപടി ഏകപക്ഷീയമോ നിയമവിരുദ്ധമോ അല്ലെന്ന് ചൂണ്ടിക്കാട്ടി ചികിത്സയിൽ ഇടപെടാൻ വിസമ്മതിച്ചിരുന്നു.