
മുംബൈ: വിശാല പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയുടെ യോഗത്തിൽ പങ്കെടുക്കാനായി കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മുംബൈയിലെത്തി. പാർട്ടിയുടെ മുതിർന്ന നേതാക്കളായ അശോക് ചവാൻ, മഹാ വികാസ് അഘാഡി നേതാക്കൾ എന്നിവർ സോണിയയെയും രാഹുലിനെയും സ്വീകരിക്കാനെത്തിയിരുന്നു. വ്യാഴാഴ്ചയാണ് യോഗം. പ്രതിപക്ഷ കൂട്ടായ്മയുടെ ലോഗോ ഈ സമ്മേളനത്തിൽ പ്രകാശനം ചെയ്യുമെന്നാണ് പ്രതീക്ഷ.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുന്നതിനുള്ള പദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്യും. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ആർജെഡി നേതാവ് ലാലു പ്രസാദ് എന്നിവരും മുംബൈയിലെത്തിയിട്ടുണ്ട്.
കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ, ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരും എത്തി. ഗ്രാൻഡ് ഹയാത്തിലാണ് പ്രതിപക്ഷ പാർട്ടികളുടെ യോഗം. 28 പാർട്ടികളിൽ നിന്നായി 63 പേർ യോഗത്തിൽ പങ്കെടുക്കും.