
ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ അജൻഡ ആവശ്യപ്പെട്ടു കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. പ്രത്യേക സമ്മേളനത്തിന് ഇതുവരെ അജൻഡ നിശ്ചയിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ സോണിയ മണിപ്പൂർ പ്രശ്നമുൾപ്പെടെ ഒമ്പതു വിഷയങ്ങൾ ചർച്ചയ്ക്കെടുക്കണമെന്ന് ആവശ്യപ്പെട്ടാണു കത്ത് നൽകിയിരിക്കുന്നത്.
സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ അജണ്ട ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ഇതിൽ ഒമ്പത് വിഷയങ്ങൾ അവർ പട്ടികപ്പെടുത്തുകയും, അവയിൽ ചർച്ചയ്ക്ക് സമയം അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
18ന് ആരംഭിക്കുന്ന പാർലമെന്റിന്റെ അഞ്ചു ദിവസത്തെ പ്രത്യേക സമ്മേളനം മറ്റ് രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിക്കാതെയാണു വിളിച്ചിരിക്കുന്നതെന്ന് ഞാൻ ചൂണ്ടിക്കാണിക്കുന്നു. ഞങ്ങൾക്ക് അതിന്റെ അജൻഡയെക്കുറിച്ച് ഒരു ധാരണയുമില്ല- സോണിയ പറഞ്ഞു. അവശ്യസാധനങ്ങളുടെ വിലക്കയറ്റം, തൊഴിലില്ലായ്മ, അസമത്വത്തിന്റെ തോത് വർധിക്കുന്നു, എംഎസ്എംഇകളുടെ ദുരിതം തുടങ്ങിയവയിലും കാർഷിക പ്രശ്നങ്ങളിലും ചർച്ച വേണമെന്നു നിർദേശിക്കുന്ന സോണിയ അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണമെന്ന ആവശ്യം ആവർത്തിച്ചിട്ടുണ്ട്. മണിപ്പുർ, ഹരിയാന സംഘർഷങ്ങൾ, ചൈനാ അതിർത്തിയിലെ പ്രശ്നങ്ങൾ, ജാതി സെൻസസ്, കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ, പ്രകൃതി ദുരന്തം എന്നിവയും ചർച്ച ചെയ്യണമെന്നു സോണിയ കത്തിൽ ആവശ്യപ്പെടുന്നു.