
ന്യൂഡൽഹി: തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചു മൂന്നു ദിനങ്ങൾ പിന്നിട്ടിട്ടും കർണാടകയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ കോൺഗ്രസ്. ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ നേതാക്കളെ ഒറ്റയ്ക്കും കൂട്ടായും പലതവണ നടത്തിയ ചർച്ചകളിലും സമവായമുണ്ടായില്ല.
ചർച്ചകളിൽ പങ്കുചേർന്ന രാഹുൽ ഗാന്ധിക്കും ഇരുപക്ഷത്തെയും അനുനയിപ്പിക്കാനായില്ല. മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ തീരുമാനമാകും നിർണായകമാകുകയെന്നു കരുതുന്നു.
എംഎൽഎമാർ ഭൂരിപക്ഷവും തനിക്കൊപ്പമാണെന്നുള്ള വാദത്തിൽ ഉറച്ചുനിൽക്കുകയാണു മുൻ മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യ. ജനതാദളിൽ നിന്ന് കോൺഗ്രസിലെത്തിയ സിദ്ധരാമയ്യയ്ക്ക് അഞ്ചു വർഷം മുഖ്യമന്ത്രി സ്ഥാനവും 10 വർഷം പ്രതിപക്ഷ നേതൃത്വവും നൽകിയെന്നും ഇത്തവണ തന്റെ അവസരമാണെന്നുമാണു പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ നിലപാട്. ഇതിനിടെ, മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശമുന്നയിച്ച് ലിംഗായത്തുകളും മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും രംഗത്തെത്തിയതോടെ കോൺഗ്രസ് നേതൃത്വത്തിനു മേൽ സമ്മർദമേറി.
മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്നത് എളുപ്പമുളള കാര്യമല്ലെന്നാണു പാർട്ടി വക്താവ് പവൻ ഖേരയുടെ പ്രതികരണം. ചർച്ചകൾ നടക്കുന്നു. ഇന്നോ നാളെയോ തീരുമാനമുണ്ടാകുമെന്നും ഖേര.
ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആദ്യ ദിനം ഡൽഹിയാത്ര ഉപേക്ഷിച്ച ശിവകുമാർ ചൊവ്വാഴ്ച ഡൽഹിയിലെത്തി ഖാർഗെയെ കണ്ടു. സിദ്ധരാമയ്യയുമായും ഖാർഗെ ഒറ്റയ്ക്ക് ചർച്ച നടത്തി. നേരത്തേ, ഖാർഗെയുടെ വസതിയിലെത്തിയ രാഹുൽ ഗാന്ധി ഒന്നര മണിക്കൂറോളം കോൺഗ്രസ് അധ്യക്ഷനുമായി സംസാരിച്ചു. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലും രാഹുലിനൊപ്പമുണ്ടായിരുന്നു. ഇതിനുശേഷം വേണുഗോപാലും രാഹുലും പ്രത്യേക ചർച്ച നടത്തി. എന്നാൽ, ഇരുപക്ഷത്തെയും അനുനയിപ്പിക്കാൻ കഴിഞ്ഞില്ല.
ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് സിദ്ധരാമയ്യ ഖാർഗെയെ കാണുന്നത്. തുടർന്ന് അദ്ദേഹം വേണുഗോപാലുമായി ചർച്ച നടത്തി. വൈകിട്ട് അഞ്ചിനായിരുന്നു ശിവകുമാറും ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയത്. പാർട്ടി തന്റെ അമ്മയാണെന്നും സംഘടനയിൽ നിന്നു രാജിവയ്ക്കുന്ന പ്രശ്നമില്ലെന്നും ശിവകുമാർ നേരത്തേ വ്യക്തമാക്കിയിരുന്നു.