വിവാദ പ്രസ്താവന: സോനു നിഗമിന് കന്നഡ സിനിമാ മേഖലയിൽ വിലക്കിനു സാധ്യത

ബംഗളൂരു ആവലഹള്ളി പൊലീസ് കേസെടുത്തിരുന്നു
Sonu Nigam likely to ban from Kannada film industry

സോനു നിഗം

Updated on

ബംഗളൂരു: സംഗീത പരിപാടിക്കിടെ വിവാദ പ്രസ്താവന നടത്തിയ ഗായകൻ സോനു നിഗമിന് കന്നഡ സിനിമാ മേഖലയിൽ വിലക്ക് നേരിടേണ്ടിവരുമെന്ന് റിപ്പോർട്ട്. സംഭവത്തിനു പിന്നാലെ താരം തന്‍റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. എങ്കിലും സിനിമാ മേഖല ഇതിൽ തൃപ്തരല്ലെന്നാണ് വിവരം.

അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങൾ കന്നഡ സിനിമാ മേഖലയെ മുഴുവനായി നിരാശയിലാക്കിയെന്നാണ് റിപ്പോർട്ട്. ഭാവി പ്രോജക്റ്റുകളിൽ നിന്നും സോനു നിഗമിനെ ഒഴിവാക്കാനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ബംഗളൂരുവിൽ തിങ്കളാഴ്ച (May 5) കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് യോഗം ചേരുന്നുണ്ടെന്നാണ് വിവരം.

സംഗീത സംവിധായക അസോസിയേഷൻ, സംവിധായക അസോസിയേഷൻ, നിർമാതാക്കളുടെ അസോസിയേഷൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. പ്രമുഖ കന്നഡ സംഗീത സംവിധായകരായ സാധു കോകില, ഹരികൃഷ്ണ, അർജുൻ ജന്യ, ധർമ്മ വിഷ് എന്നിവരും യോഗത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വിവാദപ്രസ്താവനയിൽ നേരത്തെ, ബംഗളൂരു ആവലഹള്ളി പൊലീസ് കേസെടുത്തിരുന്നു. കന്നഡ രക്ഷണ വേദികെ ബംഗളൂരു സിറ്റി ജില്ലാ പ്രസിഡന്‍റ് എ. ധർമരാജിന്‍റെ പരാതിയിലാണ് കേസെടുത്തത്. കന്നഡ വികാരം വ്രണപ്പെടുത്തിയതിനാണ് കേസെടുത്തതെന്ന് ബംഗളൂരു റൂറൽ പൊലീസ് സൂപ്രണ്ട് സി.കെ. ബാബ അറിയിച്ചിരുന്നു. സോനു നിഗമിനെ പൊലീസ് ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.

ആവലഹള്ളിയിലെ വിർഗൊണഹള്ളിയിലുള്ള സ്വകാര്യ കോളെജിൽ ഏപ്രിൽ 25നു നടത്തിയ സംഗീത പരിപാടിക്കിടെയാണ് സോനു നിഗം വിവാദ പ്രസ്താവന നടത്തിയത്. സോനുവിനോട് വിദ്യാർഥികൾ കന്നഡ ഗാനം പാടാൻ ആവശ്യപ്പെട്ടിരുന്നു. ''കന്നഡ, കന്നഡ, ഇതാണ് പഹൽഗാം സംഭവിക്കുന്നതിന്‍റെ കാരണം'' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഇതിന്‍റെ വീഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ കന്നഡ വികാരത്തെ സോനു പഹൽഗാമുമായി താരതമ്യപ്പെടുത്തിയെന്നും, ഈ പ്രസ്താവന അനാവശ്യമായ താരതമ്യമായിരുന്നു എന്നും ആരോപണമുയരുകയായിരുന്നു.

എന്നാൽ, കന്നഡ ഗാനം ആലപിക്കാൻ നാലഞ്ചു വിദ്യാർഥികൾ തന്നെ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് താൻ പ്രകോപിതനായതെന്ന് സോനു നിഗം വിശദീകരിച്ചു. ചുരുക്കം ചിലരുടെ പ്രവൃത്തികൾക്ക്, എല്ലാ കന്നഡിഗരെയും കുറ്റപ്പെടുത്താനാവില്ലെന്നും സോനു നിഗം.

ആവശ്യമുന്നയിച്ച വിദ്യാർഥി ജനിക്കും മുൻപേ താൻ കന്നഡ ഗാനങ്ങൾ ആലപിച്ചു തുടങ്ങിയതാണെന്നും, പാട്ട് പാടാൻ ഭീഷണിപ്പെടുത്തുന്ന നയം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കരിയറിലെ നല്ല പാട്ടുകൾ പാടിയത് കന്നഡയിലാണെന്നും അദ്ദേഹം വിശദീകരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com