
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബ്രിട്ടനിൽ നടത്തിയ വിവാദ പ്രസംഗം പരിശോധിക്കാൻ പ്രത്യേക പാർലമെന്ററി സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ടു ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കർ ഓംബിർളയ്ക്ക് കത്തു നൽകി.
രാഹുലിനെ ലോക്സഭയിൽ നിന്നു പുറത്താക്കുന്നത് പരിശോധിക്കണമെന്നും ദുബെ ആവശ്യപ്പെട്ടു. കേംബ്രിജ് സർവകലാശാലയിൽ രാഹുൽ നടത്തിയ പ്രസംഗം രാജ്യത്തെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് ബിജെപി പാർലമെന്റിൽ പ്രക്ഷോഭം തുടരുന്നതിനിടെയാണു പുതിയ നീക്കം.
രാഹുൽ മാപ്പു പറയാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നു ബിജെപി വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. മാപ്പു പറയില്ലെന്നു വ്യക്തമാക്കിയ രാഹുൽ തനിക്ക് വിശദീകരിക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ടു ലോക്സഭാ സ്പീക്കറെ കണ്ടിരുന്നു. രാഹുൽ മാപ്പു പറയേണ്ട കാര്യമില്ലെന്നു കോൺഗ്രസ് നേതാവ് ശശി തരൂരും പ്രതികരിച്ചു. മാപ്പു പറഞ്ഞാൽ പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കാമെന്നാണു ബിജെപി നിലപാട്. ഇന്ത്യയിൽ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നായിരുന്നു കേംബ്രിജിൽ രാഹുലിന്റെ ആരോപണം.
ഇതിനിടെയാണ് രാഹുലിനെ സഭയിൽ നിന്നു പുറത്താക്കുന്നതു പരിശോധിക്കാൻ നിഷികാന്ത് ദുബെ, സ്പീക്കറെ സമീപിച്ചത്. സമിതി രൂപീകരിച്ച് ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നും കത്തിൽ പറയുന്നു. 2008ൽ യുപിഎ ഒന്നാം സർക്കാരിന്റെ കാലത്ത് വോട്ടിന് കോഴ ആരോപണത്തിൽ പ്രത്യേക പാർലമെന്ററി സമിതി രൂപീകരിച്ചിരുന്നു. ലോക്സഭയിലെ പത്ത് അംഗങ്ങളെയും രാജ്യസഭയിലെ ഒരംഗത്തെയും പുറത്താക്കുന്നതിലാണ് ഈ സമിതിയുടെ രൂപീകരണം കലാശിച്ചത്. ബിജെപിക്ക് ഇരുസഭകളിലുമുള്ള മേൽക്കൈ പരിഗണിച്ചാൽ രാഹുൽ ഗാന്ധിയെ പുറത്താക്കുന്നതിലേക്കും ഈ നീക്കം ചെന്നെത്തിയേക്കാം.
നിഷികാന്ത് ദുബെയുടെ ആരോപണങ്ങൾ
ഒരു സഭാംഗം മറ്റൊരു സഭാംഗത്തിനെതിരേ ഗുരുതരമായ ആരോപണമുന്നയിക്കുമ്പോൾ മുൻകൂട്ടി സ്പീക്കറെ അറിയിച്ച് അനുമതി വാങ്ങണം. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആരോപണമുന്നയിച്ചപ്പോൾ രാഹുൽ ചട്ടം 352(2) പ്രകാരം പാലിക്കേണ്ട ഈ മര്യാദ ലംഘിച്ചു.
1976ൽ പാർലമെന്റിനും പ്രധാനമന്ത്രിക്കുമെതിരേ നടത്തിയ ആരോപണങ്ങളുടെ പേരിൽ ഡോ. സുബ്രഹ്മണ്യൻ സ്വാമിയെ രാജ്യസഭയിൽ നിന്നു പുറത്താക്കിയിരുന്നു. ഇതേ മാനദണ്ഡം രാഹുലിനും ബാധകം. സഭയ്ക്കു പുറത്ത്, വിദേശരാജ്യത്ത് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രിയുടെ നടപടികൾ ജനാധിപത്യത്തിന് നാശമുണ്ടാക്കുന്നുവെന്ന് ആരോപിച്ചു.
സഭയിൽ രാഹുൽ നടത്തിയ പ്രസംഗം രേഖയിൽ നിന്നു നീക്കിയെങ്കിലും ഇന്നും രാഹുലിന്റെ ട്വിറ്റർ അക്കൗണ്ടിലും യുട്യൂബിലും ഉണ്ട്. ഇതു സ്പീക്കറുടെ അധികാരത്തിലുള്ള കടന്നുകയറ്റമാണ്.