ഛത്തിസ്ഗഡിന്‍റെ 'വലിയ ആൾ'

2003 മുതല്‍ 2018 വരെ മുഖ്യമന്ത്രിയായിരുന്ന രമണ്‍ സിങ്ങിന്‍റെ മാത്രമല്ല, ആർഎസ്എസ് നേതൃത്വത്തിന്‍റെയും വിശ്വസ്തനാണു പുതിയ മുഖ്യമന്ത്രി.
വിഷ്ണുദേവ് സായി
വിഷ്ണുദേവ് സായി

ഛത്തിസ്ഗഡിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിഷ്ണുദേവ് സായ് മത്സരിച്ച കുൻകുരിയിലുമെത്തിയിരുന്നു. അന്നത്തെ പ്രസംഗത്തിനിടെ വിഷ്ണുദേവ് സായിയെ വിജയിപ്പിക്കണമെന്ന അഭ്യർഥനയ്ക്കൊപ്പം അമിത് ഷാ ഇങ്ങനെ കൂടി പറഞ്ഞുവച്ചു, നിങ്ങൾ വിജയിപ്പിക്കുകയും സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുകയും ചെയ്താൽ വിഷ്ണുദേവിനെ ഞങ്ങൾ "വലിയ ആളാക്കി' തിരികെത്തരാം. അന്നത് ആളുകൾ വെറുതേ കേട്ടിരുന്നു. എന്നാലിന്ന് പ്രസംഗത്തിലെ വാഗ്ദാനം സഫലമായതിന്‍റെ സന്തോഷത്തിലാണ് കുൻകുരി നിവാസികൾ.

90 അംഗ നിയമസഭയിൽ 54 സീറ്റുകളുമായി അധികാരത്തിലേറിയ ബിജെപിയുടെ മന്ത്രിസഭയെ നയിക്കുന്നത് ഇനി അവരുടെ എംഎൽഎയാണ്. അമിത് ഷാ പറഞ്ഞതുപോലെ തന്നെ ഛത്തിസ് ഗഡിന്‍റെ വലിയ ആളായി മാറിയിരിക്കുന്നു വിഷ്ണുദേവ് സായി.

പഞ്ചായത്ത് പ്രസിഡന്‍റായി രാഷ്‌ട്രീയജീവിതം തുടങ്ങി എംപിയും കേന്ദ്രമന്ത്രിയും വരെയെത്തിയ വിഷ്ണുദേവ് സായി ലാളിത്യം കൊണ്ടാണ് ശ്രദ്ധേയനാകുന്നത്. അധികാരത്തിന്‍റെ ഏത് ഉന്നതിയിലെത്തിയാലും പഴയ "പഞ്ചായത്തു പ്രസിഡന്‍റ്" തന്നെയാണ് അദ്ദേഹം എപ്പോഴും. ആർക്കും എപ്പോഴും തൊട്ടടുത്തുണ്ടാകുന്ന നേതാവ്.

ഒബിസി വിഭാഗത്തിനുശേഷം സംസ്ഥാനത്ത് ഏറ്റവും ശക്തമായ ഗോത്ര വിഭാഗത്തിൽ (32 ശതമാനം) നിന്നുള്ള നേതാവാണ് വിഷ്ണുദേവ് സായി.

അപ്രതീക്ഷിതമായാണ് സര്‍ക്കാരിനെ നയിക്കാന്‍ വിഷ്ണു ദേവ്‌ തെരഞ്ഞെടുക്കപ്പെടുന്നത്. മുഖ്യമന്ത്രി സ്ഥാനാർഥികളുടെ പട്ടികയിൽ വിഷ്ണു ദേവ്‌ ഉണ്ടായിരുന്നുവെങ്കിലും മുൻമുഖ്യമന്ത്രി രമണ്‍ സിങ്ങിനും കേന്ദ്ര മന്ത്രി രേണുക സിങ്ങിനുമായിരുന്നു പ്രാമുഖ്യം കൽപ്പിച്ചിരുന്നത്. എന്നാൽ, ഗോത്ര വിഭാഗത്തിന് നിർണായക സ്വാധീനമുള്ള സർഗുജയിലെ 14 സീറ്റുകളും ബസ്തറിലെ 12 സീറ്റുകളിൽ എട്ടും തങ്ങൾക്കു നൽകിയ ജനതയ്ക്ക് അവരിൽ നിന്നൊരാളെ നേതാവാക്കി നന്ദി അറിയിക്കാൻ തീരുമാനിക്കുകയായിരുന്നു ബിജെപി നേതൃത്വം.

2020 മുതല്‍ 2022 വരെ ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു വിഷ്ണു ദേവ്‌ സായി. അജിത് ജോഗിക്ക് ശേഷം ഛത്തിസ്ഗഡിലെ രണ്ടാമത്തെ ആദിവാസി മുഖ്യമന്ത്രി കൂടിയാകുകയാണ് വിഷ്ണു ദേവ്‌ സായി.

ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ കേന്ദ്ര സ്റ്റീല്‍ സഹമന്ത്രിയായിരുന്നു വിഷ്ണു ദേവ്‌ സായി. അന്നു റായ്ഗഡില്‍ നിന്നുള്ള ലോക്‌സഭാംഗം. ഛത്തിസ്ഗഡ് രൂപീകരിക്കും മുൻപ് അവിഭക്ത മധ്യപ്രദേശിലെ നിയമസഭാംഗമായിട്ടുണ്ട്. 1999 മുതല്‍ 2014 വരെ റായ്ഗഡ് മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി നാല് ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ വിഷ്ണു ദേവ്‌ വിജയിച്ചു. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിഷ്ണു ദേവിന് ടിക്കറ്റ് നല്‍കിയില്ല. ജഷ്പുരിലാണ് ജനനം.

2003 മുതല്‍ 2018 വരെ മുഖ്യമന്ത്രിയായിരുന്ന രമണ്‍ സിങ്ങിന്‍റെ മാത്രമല്ല, ആർഎസ്എസ് നേതൃത്വത്തിന്‍റെയും വിശ്വസ്തനാണു പുതിയ മുഖ്യമന്ത്രി.

കന്‍വാര്‍ ഗോത്രത്തില്‍ നിന്നുള്ളയാളാണ് വിഷ്ണു ദേവ്‌ സായി. 18 ലക്ഷം വീടുകള്‍ എന്ന വാഗ്ദാനത്തിനായിരിക്കും ആദ്യ പരിഗണനയെന്നാണ് വിഷ്ണുദേവിന്‍റെ പ്രഖ്യാപനം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com