

അനൂപ് കെ. മോഹൻ
ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച മൂന്നു വ്യക്തിത്വങ്ങളെ ടൈം മാഗസിൻ തെരഞ്ഞെടുത്തിരുന്നു. മഹാത്മാ ഗാന്ധി, രവീന്ദ്രനാഥ ടഗോർ എന്നിവർക്കു പിന്നാലെ മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം.എസ്. സ്വാമിനാഥൻ കൂടി ആ ലിസ്റ്റിൽ ഇടംപിടിച്ചു. കാലങ്ങൾ കഴിഞ്ഞാലും ഇന്ത്യയുടെ കാർഷിക വളർച്ചയുടെ ഏടുകളിൽ ആ നാമം തെളിഞ്ഞു തന്നെ നിൽക്കും. ക്ഷാമവും പട്ടിണിമരണങ്ങളും നടമാടിയിരുന്ന നാടിനെ ഭക്ഷ്യസുരക്ഷയിലേക്ക് എത്തിക്കാൻ കാരണമായ വ്യക്തി. നൂറു മേനിയെന്ന അതിഭാവുകത്വം നിറഞ്ഞ വിശേഷണത്തെ അക്ഷരാർഥത്തിൽ ഭാരതത്തിന്‍റെ പാടശേഖരങ്ങളിൽ വിളയിച്ചെടുത്ത വ്യക്തി. അതുകൊണ്ടു തന്നെ രാജ്യം അദ്ദേഹത്തിനു ഹരിത വിപ്ലവത്തിന്‍റെ പിതാവെന്ന വിശേഷണം നൽകി. ജീവിതത്തിലുടനീളം കർഷകരുടെയും കൃഷിയുടെയും ക്ഷേമത്തിനായാണ് സ്വാമിനാഥൻ തന്നെ ജീവിതം ഉഴിഞ്ഞുവച്ചത്. കൃഷിയിൽ പ്രായോഗികതയുടെ വളമെറിഞ്ഞു കൊണ്ടാണു കാർഷിക രംഗത്ത് വിപ്ലവം സൃഷ്ടിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്ക് ഡോ. എം.എസ്. സ്വാമിനാഥൻ ഇറങ്ങിത്തിരിച്ചത്.
ആലപ്പുഴയിലെ കുട്ടനാട്ടിൽ നിന്ന് അന്നത്തെ മദ്രാസ് പ്രവിശ്യയിലെ കുംഭകോണത്തേക്കു കുടിയേറിയ കുടുംബത്തിലായിരുന്നു സ്വാമിനാഥന്‍റെ ജനനം. പിന്തുടർന്നതു പാരമ്പര്യത്തിന്‍റെ വഴികളായിരുന്നെങ്കിൽ സ്വാമിനാഥൻ എത്തിച്ചേരേണ്ടതു വൈദ്യശാസ്ത്ര മേഖലയിലാണ്. അച്ഛൻ എം. കെ. സാംബശിവൻ ഡോക്റ്ററായിരുന്നു. അച്ഛനും അമ്മയ്ക്കും അദ്ദേഹം മെഡിക്കൽ പ്രൊഫഷനിലേക്കു തന്നെ തിരിയണമെന്ന മോഹവും. കുട്ടനാട്ടിലെ കാർഷിക സമൃദ്ധിയറിഞ്ഞ അവധിക്കാലം തന്നെയാകണം സ്വാമിനാഥന്‍റെ മനസിൽ കൃഷിയെന്ന വിത്തു പാകിയത്. അതിനൊപ്പം സാമൂഹിക പരമായ കാരണങ്ങളുമുണ്ടായിരുന്നു. 1942ൽ ക്വിറ്റ് ഇന്ത്യാ സമരം, തൊട്ടുപിന്നാലെ കൊടുംവരൾച്ചയുടെ കെടുതികളറിഞ്ഞ ബംഗാൾ ക്ഷാമം, സ്വതന്ത്ര്യ ഇന്ത്യയെന്ന മോഹവും, ആശയങ്ങളിലുറച്ച വ്യക്തിത്വവുമുള്ള തലമുറ ചിന്തിക്കുന്നതു പോലെ തന്നെ സ്വാമിനാഥനും ചിന്തിച്ചു. രാജ്യത്തിന് വേണ്ടി എന്തു ചെയ്യാൻ കഴിയും ?
ബംഗാളിലെ പട്ടിണി മരണങ്ങൾ കണ്ടു. കാർഷിക രംഗത്തെ സ്വയം പര്യാപ്തത എന്നൊരു വലിയ ലക്ഷ്യവും മനസിൽ ഉറച്ചു. അങ്ങനെ കൃഷി പഠിക്കാനായി മദ്രാസ് അഗ്രിക്കൾച്ചറൽ കോളെജിലേക്ക്. 1947-ൽ ജനറ്റിക്സും പ്ലാന്‍റ് ബ്രീഡിങ്ങും പഠിക്കാൻ ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെത്തി. അക്കാലത്തു സിവിൽ സർവീസ് പരീക്ഷയും എഴുതി. ഇന്ത്യൻ പൊലീസ് സർവീസിലേക്കു തെരഞ്ഞെടുക്കപ്പെട്ട അതേസമയത്തു തന്നെയാണ് നെതർലൻഡ്സിൽ ജനറ്റിക്സിൽ യുനെസ്കോ ഫെല്ലോഷിപ്പ് ലഭിക്കുന്നത്. മറ്റൊന്നും ആലോചിച്ചില്ല, നെതർലാൻഡ്സിലേക്ക്. പിന്നീട് യൂറോപ്പിലും യുകെയിലും അമെരിക്കയിലുമൊക്കെ അറിവുസമ്പാദനത്തിന്‍റെ വഴികളിലൂടെ സഞ്ചരിച്ചു. എല്ലാം കൃഷിയുമായി ബന്ധപ്പെട്ട ഉപരിപഠനം.
1954ൽ തിരികെ ഇന്ത്യയിലെത്തി. പഠിച്ചതിനനുസരിച്ചുള്ള ജോലി ലഭ്യമല്ലാത്തതിനാൽ മൂന്നു മാസത്തോളം വെറുതെയിരിക്കേണ്ട അവസ്ഥ വന്നു. പിന്നീടൊരു പ്രൊഫസറുടെ ശുപാർശയിൽ കട്ടക്കിലെ സെന്‍റർ റൈസ് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്‍റ് ബോട്ടണിസ്റ്റായി ജോലി നോക്കി. പിന്നീട് ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലുമെത്തി.
അമെരിക്കൻ ശാസ്ത്രജ്ഞനായ നോർമൻ ബോർലോഗുമായി സഹകരിക്കാൻ തീരുമാനിച്ചതാണു വഴിത്തിരിവായത്. ബോർലോഗ് വികസിപ്പിച്ചെടുത്ത കുള്ളൻ ഗോതമ്പ് എന്ന ബ്രീഡായിരുന്നു സ്വാമിനാഥനെ ആകർഷിച്ചത്. 1970ൽ നോർമൻ ബോർലോഗ് നൊബേൽ പുരസ്കാരം സ്വീകരിച്ച് നടത്തിയ പ്രസംഗത്തിൽ, ഏഷ്യയിൽ ഹരിതവിപ്ലവം സാധ്യമാക്കുന്നതിൽ സ്വാമിനാഥൻ വഹിച്ച പങ്കിനെക്കുറിച്ചു പരാമർശം നടത്തിയിരുന്നു. സ്വാമിനാഥനില്ലായിരുന്നെങ്കിൽ ഇത്തരമൊരു നേട്ടം സാധ്യമാകില്ലായിരുന്നുവെന്നു ബോർലോഗ് പറഞ്ഞിരുന്നു.
ബോർലോഗുമായുള്ള സഹകരണത്തിൽ അത്തരമൊരു ബ്രീഡ് വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഉയർന്ന വിളവും ഗുണമേന്മയുമൊക്കെയാണു ലക്ഷ്യമിട്ടത്. ഇന്ത്യൻ പരിസ്ഥിതിക്ക് ഇണങ്ങുന്ന വിധത്തിൽ വികസിപ്പിച്ചെടുത്ത വിത്തുകൾ സ്വീകരിക്കാൻ ആദ്യം കർഷകർക്കു മടിയായിരുന്നു. സ്ഥിരം പിന്തുടർന്നു വന്ന കൃഷിരീതിയിൽ നിന്നു വ്യതിചലിക്കാനുള്ള മടി. എന്നാൽ ഡെമോൺസ്ട്രേഷൻ പ്ലോട്ടുകൾ നല്ല ഫലം നൽകിയപ്പോൾ പുതിയ വിത്തുകളുടെ സ്വീകാര്യതേയറി.
ശേഷം ചരിത്രമാണ്. 1947ൽ ആറ് ദശലക്ഷം ടൺ ഗോതമ്പാണ് രാജ്യത്ത് ഉത്പാദിപ്പിച്ചത്. 1962ൽ അതു പത്ത് ദശലക്ഷം ടൺ ആയി ഉയർന്നു. 1964 മുതൽ 1968 വരെയുള്ള കാലഘട്ടത്തിൽ 17 ദശലക്ഷം ടൺ വരെയായി ഉത്പാദനം ഉയർന്നു. കാർഷിക വിപ്ലവം എന്നത് ഒരേസമയം രാജ്യത്തിന്‍റെ ശാസ്ത്രീയ നേട്ടമായും അതിജീവനമാർഗമായും രേഖപ്പെടുത്തപ്പെട്ടു.
കേരളത്തിന്‍റെ ജൈവകലവറയായി സംരക്ഷിക്കപ്പെടുന്ന സൈലന്‍റ് വാലി ഇന്നു കാണുന്ന രീതിയിൽ സംരക്ഷിക്കപ്പെടുന്നതിലും സ്വാമിനാഥൻ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സൈലന്‍റ് വാലിയെ സംരക്ഷിക്കണമെന്ന സമരസന്ദേശവുമായി എഴുപതുകളും എൺപതുകളും ഏറെ പ്രക്ഷുബ്ധമായിരുന്നു. കുന്തിപ്പുഴയിലൊരു ജലവൈദ്യുത പദ്ധതിയുടെ സാധ്യതകൾ തേടിയതും പ്രാരംഭ പഠനങ്ങൾ ആരംഭിച്ചതുമൊക്കെ ദേശീയതലത്തിലും അന്തർദേശീയതലത്തിലും വാർത്തകളായി. അക്കാലത്തു ജലവൈദ്യുത പദ്ധതിക്ക് അനുമതി നിഷേധിച്ചതു പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായിരുന്നു. ഈ തീരുമാനത്തിൽ പ്രധാന പങ്കുവഹിച്ചത് എം.എസ് സ്വാമിനാഥനും. നിശബ്ദ താഴ്വരയുടെ ജൈവ സമൃദ്ധിയുടെ പ്രാധാന്യം പ്രധാനമന്ത്രിക്കും പറഞ്ഞു മനസിലാക്കി കൊടുത്തു, അന്നത്തെ അഗ്രിക്കൾച്ചറൽ സെക്രട്ടറി കൂടിയായ സ്വാമിനാഥൻ. ഗവൺമെന്‍റിനു നൽകിയ ശുപാർശയിൽ സ്വാമിനാഥൻ രേഖപ്പെടുത്തിയ വാക്കുകളിങ്ങനെയായിരുന്നു.
"സൈലന്‍റ് വാലി രാജ്യത്തിന്‍റെ ജൈവവൈവിധ്യ പൈതൃകത്തിലെ ഏറ്റവും പ്രധാനപ്പെട്ടയിടമാണ്. ഈ പൈതൃകം സംരക്ഷിക്കപ്പെടേണ്ടതാണ്.'
1972ൽ ഇന്ത്യൻ കൗൺസൽ ഒഫ് അഗ്രിക്കൾച്ചറൽ റിസർച്ചിന്‍റെ ഡയറക്റ്റർ ജനറലായി സ്വാമിനാഥൻ നിയമിക്കപ്പെട്ടു. 1979ൽ കേന്ദ്ര സർക്കാരിന്‍റെ മുഖ്യ സെക്രട്ടറി, ആസൂത്രണ കമ്മിഷൻ അംഗം എന്നീ പദവികൾ വഹിച്ചു. ഫിലിപ്പൈൻസിലെ ഇന്‍റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഏഷ്യക്കാരനായ ആദ്യ ഡയറക്റ്ററായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ആറു വർഷക്കാലം രാജ്യസഭാ എംപിയുമായിരുന്നു. കാർഷികരംഗത്തെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന വേൾഡ് ഫുഡ് പ്രൈസിലൂടെ ലഭിച്ച തുക വിനിയോഗിച്ചതു സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിക്കാനായിരുന്നു. ഫൗണ്ടേഷന്‍റെ പ്രവർത്തനങ്ങൾ ഇപ്പോഴും സജീവമായി തുടർന്നു കൊണ്ടിരിക്കുന്നു.
റോയൽ സൊസൈറ്റി ഒഫ് ലണ്ടൻ, യുഎസ് നാഷണൽ അക്കാഡമി ഒഫ് സയൻസസ് രാജ്യത്തെയും ലോകത്തെയും പ്രമുഖ അക്കാഡമികളിൽ അംഗമാണു സ്വാമിനാഥൻ. ലോകമെമ്പാടുമുള്ള സർവകലാശാലകളിൽ നിന്ന് 84 ഓണററി ഡോക്റ്ററേറ്റ് ബിരുദങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.