മണിപ്പൂരിൽ വ്യാജമദ്യ ദുരന്തം; 11 പേർ മരിച്ചു, 300ലേറെ പേർ ആശുപത്രിയിൽ

ചക്പികാരോങ് മേഖലയിലും പരിസര പ്രദേശങ്ങളിലുമുള്ളവരാണ് ചികിത്സയിലുള്ളത്
Spurious liquor tragedy in Manipur; 11 dead

മണിപ്പൂരിൽ വ്യാജമദ്യ ദുരന്തം; 11 പേർ മരിച്ചു

Representative Image
Updated on: 

ഇംഫാൽ: മണിപ്പൂരിലെ ചന്ദേൽ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു. 300ലേറെ പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചക്പികാരോങ് മേഖലയിലും പരിസര പ്രദേശങ്ങളിലുമുള്ളവരാണ് ചികിത്സയിലുള്ളത്.

ഇംഫാലിലെ ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഷിജ ആശുപത്രി, ബാബിന ആശുപത്രി എന്നിവിടങ്ങളിലാണ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിങ് ആശുപത്രികൾ സന്ദർശിച്ച് ചികിത്സയിലുള്ളവരുടെ ആരോഗ്യനില വിലയിരുത്തി.

ഷിജ ആശുപത്രിയിൽ 140ലേറെ പേരെയും ബാബിന ആശുപത്രിയിൽ 41 പേരെയും പ്രവേശിപ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെ മരണസംഖ്യ 11 ആയി ഉയർന്നു. രോഗികൾക്ക് വിദഗ്ധ ഡോക്റ്റർമാരുടെ മേൽനോട്ടത്തിൽ ചികിത്സ നൽകിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ചന്ദേൽ ജില്ലയിൽ ചികിത്സാ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി മെഡിക്കൽ സംഘത്തെ ആവശ്യമായ മരുന്നുകളുമായി അയച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കാക്ചിങ് ജില്ലയിലെ സുഗ്നുവിൽ നിന്നാണ് വ്യാജമദ്യം വാങ്ങിയതെന്നാണ് പ്രാഥമിക വിവരം.