
കൊളംബോ: ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒരു തരത്തിലുള്ള പ്രവർത്തനങ്ങളും ശ്രീലങ്കയുടെ മണ്ണിൽ അനുവദിക്കില്ലെന്ന് ലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായക. ഇന്ത്യയെ ലക്ഷ്യമിട്ട് ചൈനയുടെ മിഷൻ ഇന്ത്യൻ ഓഷൻ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ഉറപ്പ്.
ചൈനയിൽ നിന്ന് പണം വാങ്ങി ശ്രീലങ്കയിലെ ഹംബൻടോട്ടയിൽ നിർമിച്ച തുറമുഖം, വായ്പ തിരിച്ചടയ്ക്കാത്തതിനാൽ ഇപ്പോൾ ചൈനയുടെ നിയന്ത്രണത്തിലാണ്. ചൈനയുടെ നാവിക സേനാ കപ്പലുകളും ചാരനിരീക്ഷണ കപ്പലുകളും ഇവിടെ നങ്കൂരമിടുന്നുണ്ട്.
ഉപഗ്രഹങ്ങളും ബാലിസ്റ്റിക് മിസൈലുകളും നിരീക്ഷിക്കാൻ ശേഷിയുള്ള യുവാൻ വാങ് 5 എന്ന ചൈനീസ് കപ്പൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ പലവട്ടം ഇവിടെ നങ്കൂരമിട്ടിരുന്നു. 2022 ഓഗസ്റ്റിൽ ഇന്ത്യ ഇക്കാര്യത്തിൽ ആശങ്ക അറിയിച്ചതിനെത്തുടർന്ന്, കപ്പൽ അടുപ്പിക്കാൻ ശ്രീലങ്ക ചൈനയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ, പിന്നീട് ചൈനീസ് സമ്മർദത്തിനു വഴങ്ങി അനുമതി നൽകാൻ അവർ നിർബന്ധിതരാകുകയും ചെയ്തു. അതിനു ശേഷം ചൈനീസ് നിരീക്ഷണ കപ്പലുകൾ നിരന്തരം ഇന്ത്യൻ മഹാസമുദ്രത്തിൽ പട്രോളിങ് നടത്തുകയും ഹംബൻടോട്ടയിൽ നങ്കൂരമിടുകയും ചെയ്യുന്നുണ്ട്.
തുറമുഖം നിർമിക്കാൻ 1.7 ബില്യൻ ഡോളറാണ് ചൈനയിൽനിന്ന് ശ്രീലങ്ക കടം വാങ്ങിയിട്ടുള്ളത്. വർഷം 100 മില്യൻ ഡോളർ വീതം തിരിച്ചടയ്ക്കണമെന്നാണ് കരാർ. ഇതിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് 99 വർഷത്തെ പാട്ട വ്യവസ്ഥയിൽ തുറമുഖം ചൈന കൈക്കലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ്, ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന ശ്രീലങ്കയുടെ ഉറപ്പ് നിർണായകമാകുന്നത്.
ഈ വിഷയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകയും വിശദമായി ചർച്ച ചെയ്തതിനെത്തുടർന്ന് ഉറപ്പ് ലഭിച്ചിരിക്കുന്നത്.