
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ സിസോദിയയെ പ്രത്യേക കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മാർച്ച് 20 വരെയാണ് സിസോദിയയ്ക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരേണ്ടി വരിക. സിസോദിയയുടെ 2 ദിവസത്തെ സിബിഐ കസ്റ്റഡി ഇന്ന് അവസാനിച്ചു. സിസോദിയയുടെ ജാമ്യപേക്ഷയിൽ ഈ മാസം 10 ന് കോടതി വാദം കേൾക്കും.
സിസോദിയ ഉൾപ്പെട്ട കേസിന് മാധ്യമങ്ങൾ രാഷ്ട്രീയ നിറം നൽകുന്നു എന്നും സാക്ഷികൾ ഭയത്തിലാണെന്നും സിബിഐ കോടതിയിൽ ആരോപിച്ചു. എന്നാൽ മാധ്യമങ്ങളെ വിലക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
തന്നോട് ഒരേ ചോദ്യങ്ങൾ തന്നെയാണ് ആവർത്തിച്ച് ചോദിക്കുന്നതെന്നും തനിക്കത് മാനസ്സിക ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും സിസോദിയ കോടതിയിൽ വാദിച്ചു. ഒരേ ചോദ്യങ്ങൾ തന്നെ ആവർത്തിക്കാതെ പുതിയത് എന്തെങ്കിലും ഉണ്ടെങ്കിൽ ചോദിക്കൂ എന്ന് സിബിഐക്ക് നിർദ്ദേശം നൽകി. എന്നാൽ സിസോദിയ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാത്തതു മൂലമാണ് വീണ്ടും ചോദ്യങ്ങൾ ആവർത്തിക്കേണ്ടി വരുന്നതെന്നാണ് സിബിഐ പ്രതികരിച്ചത്.