
വിജയവാഡ: ആന്ധ്രപ്രദേശിൽ വിജയവാഡയ്ക്കു സമീപം വന്ദേഭാരത് ട്രെയ്നിനു കല്ലെറിഞ്ഞ കേസിൽ ആറു പേരെ റെയ്ൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ മൂന്നു പേർ പ്രായപൂർത്തിയാകാത്തവരാണ്. ട്രെയ്നിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണു നടപടി.
വിശാഖപട്ടണത്തു നിന്നു സെക്കന്ദരാബാദിലേക്കു പോയ ട്രെയ്നിനു നേരേ വെള്ളിയാഴ്ച രാത്രി ഏഴരയ്ക്ക് പീതപുരത്തിനും സമർലകോട്ടയ്ക്കുമിടയിലാണ് കല്ലേറുണ്ടായത്. ആക്രമണത്തിൽ ട്രെയ്നിന്റെ ജനാലച്ചില്ലുകൾ തകർന്നു. സംഭവമറിഞ്ഞയുടൻ പൊലീസെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടർന്നാണു സിസിടിവി പരിശോധിച്ചത്.
ഇതിൽ ഒരാളുടെ ദൃശ്യം ലഭിച്ചു. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മറ്റ് അഞ്ചു പേരെക്കുറിച്ചു കൂടി വിവരം ലഭിച്ചത്. ഇവർക്കെതിരേ റെയ്ൽവേ നിയമപ്രകാരം കേസെടുത്തു. പ്രായപൂർത്തിയായ പ്രതികളെ വിജയവാഡയിലെ റെയ്ൽവേ കോടതിയിൽ ഹാജരാക്കി. ഇവരെ 16 വരെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്തവരെ രജമഹേന്ദ്രവാരത്തെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയശേഷം ജുവനൈൽ ഹോമിലേക്ക് അയച്ചു.