

തെരുവുനായ ആക്രമണത്തിൽ 20 ലക്ഷം നഷ്ടപരിഹാരം വേണം; ഹൈക്കോടതിയെ സമീപിച്ച് യുവതി
file image
ന‍്യൂഡൽഹി: തെരുവുനായ ആക്രമണത്തിൽ നഷ്ടപരിഹാരം വേണമെന്നാവശ‍്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ഹർജിയിലെ ആവശ‍്യം.
പ്രിയങ്ക റായി എന്ന യുവതിയാണ് ഹർജി നൽകിയത്. ശാരീരികവും മാനസികവും സാമ്പത്തികവുമായി തനിക്കുണ്ടായ ബുദ്ധിമുട്ടിന് നഷ്ടപരിഹാരം വേണമെന്ന് യുവതിയുടെ ഹർജിയിൽ പറയുന്നു. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു പ്രിയങ്കയെ തെരുവുനായ ആക്രമിച്ചത്.
ബൈക്കിന്‍റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന പ്രിയങ്കയ്ക്കു നേരെ തെരുവുനായകൾ പാഞ്ഞെത്തുകയും കടിച്ച് പരുക്കേൽപ്പിക്കുകയുമായിരുന്നു. സൗത്ത് ഡൽഹിയിലെ മാൽവിയ നഗറിൽ വച്ചായിരുന്നു ആക്രമണമുണ്ടായത്.