

സൂറത്തിൽ അമ്മയുടെ അടുത്ത് ഉറങ്ങുകയായിരുന്ന കുഞ്ഞിനെ തെരുവ് നായ കടിച്ചുകൊണ്ടുപോയി
സൂറത്ത്: ഭക്ഷണം പാകം ചെയ്യുകയായിരുന്ന അമ്മയുടെ അടുത്ത് ഉറങ്ങിക്കിടന്ന ഒരു വയസുകാരിയെ തെരുവുനായ കടിച്ചെടുത്തു കൊണ്ടുപോയി. ചൊവ്വാഴ്ച കാണാതായ കുഞ്ഞിനായുള്ള തെരച്ചിൽ തുടരുകയാണ്. തെരച്ചിലിനിടെ, കുഞ്ഞിന്‍റെ രക്തം പുരണ്ട വസ്ത്രം കണ്ടെത്തി.
ഗുജറാത്തിലെ സൂറത്തിലെ കാംരേജ് താലൂക്കിലെ വാവ് ഗ്രാമത്തിൽ ജൂൺ മൂന്നിനു രാത്രിയോടെയായിരുന്നു സംഭവം. മധ്യപ്രദേശിലെ ജാബുവ ജില്ലയിൽ നിന്നുള്ള കെട്ടിട നിർമാണ തൊഴിലാളികളായ ദമ്പതികൾ താത്കാലിക ഷെഡ്ഡിലായിരുന്നു താമസം. കുഞ്ഞിന്‍റെ അമ്മ അത്താഴം തയാറാക്കുന്നതിനിടെ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തെരുവുനായ കടിച്ചെടുത്ത് സമീപത്തുള്ള പാടത്തേക്ക് ഓടിപ്പോവുകയായിരുന്നു.
അമ്മയുടെ നിലവിളി കേട്ടെത്തിയവർ നായയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയും സംയുക്ത തെരച്ചിൽ ആരംഭിക്കുകയുമായിരുന്നു.
സംഭവം നടന്ന് 36 മണിക്കൂർ കഴിഞ്ഞിട്ടും പെൺകുട്ടിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. സമീപത്തെ കരിമ്പ് പാടങ്ങളിൽ ഡ്രോണുകൾ അടക്കം ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്. കാമ്രെജ് റൂറൽ ഡിവൈഎസ്പി ആർ.ആർ. സർവയ്യയുടെ മേൽനോട്ടത്തിൽ പൊലീസ്, വനംവകുപ്പ്, അഗ്നിരക്ഷാ സേന, ഫയർ ബ്രിഗേഡ്, ഡോഗ് സ്ക്വാഡ്, നാട്ടുകാർ ഉൾപ്പടെ മുന്നൂറിധികം ആളുകൾ തെരച്ചിൽ നടത്തിവരുന്നു.