

ട്രെയിൻ വൈകിയതിനാൽ പരീക്ഷ മുടങ്ങി; വിദ്യാർഥിനിക്ക് 9.10 ലക്ഷം നഷ്ടപരിഹാരം
file image
ലഖ്നൗ: ട്രെയിൻ വൈകിയതിനാൽ എൻട്രൻസ് പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർഥിനിക്ക് 9.10 ലക്ഷം രൂപ നഷ്ടപരിഗഹാരം റെയിൽവേ. ഉത്തർപ്രദേശിലെ ബസ്തി സ്വദേശിനിയായ സമൃദ്ധിക്കാണ് ജില്ലാ ഉപഭോക്ത്യ കോടതി നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. 7 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വിധി.
2018 മേയ് 7 നായിരുന്നു സമൃദ്ധിയുടെ ബിഎസ്സി ബയോടെക്നോളജി എൻട്രൻസ് പരീക്ഷ. ലഖ്‌നൗവിലെ പരീക്ഷാ കേന്ദ്രത്തിലേക്ക് പോകാനായി ഇന്‍റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസിലാണ് സമൃദ്ധി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.
രാവിലെ 11 മണിക്ക് ലഖ്‌നൗവിൽ എത്തേണ്ടിയിരുന്ന ട്രെയിൻ രണ്ടര മണിക്കൂറോളം വൈകി. ഉച്ചയ്ക്ക് 12.30-ന് പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യേണ്ടിയിരുന്ന വിദ്യാർഥിനിക്ക് ട്രെയിൻ വൈകിയത് പരീക്ഷയെഴുതാനായില്ല. തുടർന്നാണ് സമൃദ്ധി റെയിൽവേക്കെതിരേ പരാതി നൽകിയത്.
സമയബന്ധിതമായി സേവനം ഉറപ്പുവരുത്തുന്നതിൽ റെയിൽവേ പരാജയപ്പെട്ടുവെന്ന് കമ്മിഷൻ നിരീക്ഷിച്ചു. ട്രെയിൻ വൈകിയതിന് കൃത്യമായ വിശദീകരണം നൽകാൻ റെയിൽവേയ്ക്ക് സാധിച്ചില്ല. തുടർന്നാണ് സമൃദ്ധിക്ക് അനുകൂലമായി വിധി വന്നത്.