

നരേന്ദ്ര മോദി, രാഹുൽ ഗാന്ധി.
ന്യൂഡൽഹി: വിദ്യാർഥികളാണ് ഇന്ത്യയുടെ ഭാവിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂതകാലത്തിന്‍റെ പ്രതീകമാണെന്നും ഭൂതകാലത്തിന് ഒരിക്കലും ഭാവിയോട് പോരാടാനാകില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നീറ്റ് വിഷയത്തിൽ പ്രതിഷേധം നടത്തുന്ന വിദ്യാർഥി പ്രതിനിധികളുമായി ശനിയാഴ്ച ഡൽഹിയിലെ തന്‍റെ വസതിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന വിദ്യാർഥികളുടെ ആവശ്യത്തിൽ വിട്ടുവീഴ്ചയില്ല. ധർമേന്ദ്ര പ്രധാനെ മറ്റൊരു മന്ത്രാലയത്തിലേക്ക് മാറ്റണമെന്ന നിർദേശം കേന്ദ്ര മന്ത്രിസഭയിലെ ഒരു വിഭാഗം മുന്നോട്ടുവയ്ക്കുന്നതായി കേൾക്കുന്നുണ്ടെങ്കിലും അത്തരമൊരു നടപടി കൊണ്ട് യാതൊരു പ്രയോജനവുമില്ല. വിദ്യാർഥികളുടെ ആവശ്യം ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്നതാണ്. അതിൽ വിട്ടുവീഴ്ചയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ജന്തർ മന്ദറിലെ സമരവേദിയിൽ നിന്ന് വിദ്യാർഥികളെ കേന്ദ്ര സർക്കാരിന് എത്ര സമ്മർദം ചെലുത്തിയാലും മാറ്റാനാകില്ല. വിദ്യാർഥികൾ ഇന്ത്യയുടെ ഭാവിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂതകാലമാണ്. ഭൂതകാലത്തിന് ഒരിക്കലും ഭാവിയോട് പോരാടാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വിദ്യാർഥികൾ ആശങ്കപ്പെടേണ്ടതില്ലെന്ന് താൻ അവരെ അറിയിച്ചു. എത്ര ശക്തിപ്രയോഗം നടത്തിയാലും ജന്തർ മന്ദറിൽ നിന്ന് അവരെ മാറ്റാനാകില്ല. ഇന്‍റർനെറ്റ് അടച്ചുപൂട്ടാം, ഭീഷണിപ്പെടുത്താം. പക്ഷേ വിദ്യാർഥികൾ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.