കൊവിഡ് വാക്സിനും ഹാർട്ട് അറ്റാക്കും തമ്മിൽ ബന്ധുമുണ്ടോ: പഠന റിപ്പോർട്ട് ഉടൻ

കൊവിഡ് തീവ്രമായിരുന്ന സമയത്തിനു പിന്നാലെ ഹൃദയാഘാതം കാരണമുള്ള മരണസംഖ്യ രാജ്യത്ത് വർധിച്ചതായി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു
കൊവിഡ് വാക്സിനും ഹാർട്ട് അറ്റാക്കും തമ്മിൽ ബന്ധുമുണ്ടോ: പഠന റിപ്പോർട്ട് ഉടൻ
Image by jcomp on Freepik
Updated on

ന്യൂഡൽഹി: കൊവിഡ് വാക്സിനെടുത്തവർക്ക് ഹാർട്ട് അറ്റാക്ക് വരാൻ സാധ്യത കൂടുതലാണെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠനത്തിന്‍റെ റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്ന് സൂചന.

ഐസിഎംആർ ഡയറക്റ്റർ-ജനറൽ രാജീവ് ബഹലിനെ ഉദ്ധരിച്ചാണ് വാർത്തകൾ പുറത്തുവരുന്നത്. കൊവിഡ് വാക്സിൻ വ്യാപകമായ ശേഷം ഹൃദയാഘാതം കാരണമുള്ള മരണസംഖ്യയിൽ വർധനയുണ്ടായെന്നു സംശയമുയർന്ന സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച് ഐസിഎംആർ ശാസ്ത്രീയ പഠനം നടത്തിയത്.

റിപ്പോർട്ട് പുറത്തുവിടും മുൻപ് വിദഗ്ധർ പരിശോധിക്കുന്ന ഘട്ടത്തിലാണിപ്പോൾ. ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐജെഎംആർ) ഇതുമായി ബന്ധപ്പെട്ട പ്രബന്ധത്തിന് അംഗീകാരം നൽകിക്കഴിഞ്ഞെന്നും ബഹൽ.

കൊവിഡ് വാക്സിനും ഹൃദയാഘാതവും തമ്മിൽ ബന്ധമുണ്ടോ എന്നു കണ്ടുപിടിക്കാൻ നാലു വ്യത്യസ്ത പഠനങ്ങളാണ് ഗവേഷകർ നടത്തിയത്. താരതമ്യേന ചെറിയ പ്രായത്തിൽ ഹൃദയാഘാതമുണ്ടായതിന്‍റെ കാരണങ്ങളിലാണ് ആദ്യ പഠനത്തിൽ ശ്രദ്ധയൂന്നിയത്.

രണ്ടാമത്തെ പഠനം വാക്സിനേഷൻ, ലോങ് കൊവിഡ്, രോഗാവസ്ഥയുടെ തീവ്രത എന്നിവയിൽ കേന്ദ്രീകരിച്ചു. നാൽപ്പത് ആശുപത്രികളിൽനിന്നുള്ള രോഗികളുടെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഇതു പൂർത്തിയാക്കിയത്.

ഹൃദയാഘാതമോ പക്ഷാഘാതമോ (ബ്രെയിൻ സ്ട്രോക്ക്) കാരണം ചെറുപ്പക്കാർ പെട്ടെന്നു മരിക്കാനിടയായ സാഹചര്യങ്ങളാണ് മൂന്നാമത്തെ പഠനത്തിൽ പരിഗണിച്ചത്.

മയോകാർഡിയൽ ഇൻഫ്രാക്ഷൻ (ഹാർട്ട് അറ്റാക്ക്) സംഭവിച്ച, എന്നാൽ, ജീവൻ രക്ഷപെട്ടവരെ ഉൾപ്പെടുത്തിയായിരുന്നു നാലാമത്തെ പഠനം.

കൊവിഡ് തീവ്രമായിരുന്ന സമയത്തിനു പിന്നാലെ ഹൃദയാഘാതം കാരണമുള്ള മരണസംഖ്യ രാജ്യത്ത് വർധിച്ചതായി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഗവേഷകരും ഇതെക്കുറിച്ചു പഠിച്ചു വരുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com