

സുഭാഷ് ചന്ദ്ര
ന്യൂഡൽഹി: വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് എടുത്ത 22,000 കോടിയുടെ കട ബാധ്യതയ്ക്ക് തിരിച്ചടയ്ക്കേണ്ടത് ആറര കോടി മാത്രം. ബിജെപി മുൻ എംപിയും സീ ഗ്രൂപ് സ്ഥാപകനുമായ സുഭാഷ് ചന്ദ്രയുടെ ബാധ്യതയാണ് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി) വൻ ഇളവ് നൽകിയത്. ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകാനുള്ള 22,006.57 കോടി രൂപയുടെ കടബാധ്യതയിൽ ആറര കോടി രൂപ മാത്രം തിരിച്ചടച്ചാൽ മതി എന്നാണ് ട്രിബ്യൂണലിന്റെ വിചിത്രമായ ഉത്തരവ്.
സുഭാഷ് ചന്ദ്രയ്ക്കെതിരെ ധനകാര്യ സ്ഥാപനമായ ഇന്ത്യ ബുൾസ് നൽകിയ കേസിലാണ് ട്രിബ്യൂണലിന്റെ വിധി. ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി (ഐബിസി) നിയമപ്രകാരമാണ് കേസ് ഒത്തുതീർപ്പാക്കിയിരിക്കുന്നത്. കടബാധ്യതയിൽ 99.97 ശതമാനമാണ് വെട്ടിച്ചുരുക്കിയത്. ചുരുക്കിപ്പറഞ്ഞാൽ 100 രൂപ കടം കൊടുത്ത ആൾക്ക് മൂന്ന് പൈസ മാത്രമാകും തിരിച്ചുകിട്ടുക.
കടക്കാരൻ മുന്നോട്ടുവെക്കുന്ന തിരിച്ചടവ് പദ്ധതിക്ക് മറ്റ് ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന അംഗീകാരത്തിനാണ് ഐബിസി നിയമപ്രകാരം മുൻഗണന നൽകുന്നത്. ഇതനുസരിച്ചാണ് എൻസിഎൽടികേസ് പരിഗണിക്കുന്നത്. ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ള 88 ശതമാനം ധനകാര്യ സ്ഥാപനങ്ങളും സുഭാഷ് ചന്ദ്രയുടെ തിരിച്ചടവ് പദ്ധതിയെ അംഗീകരിച്ച സാഹചര്യത്തിലാണ് ട്രിബ്യൂണൽ വിധി പുറപ്പെടുവിച്ചത്. നേരത്തെ ഈ വിഷയത്തിൽ ഡിവിഷൻ ബെഞ്ചിൽ ഭിന്നവിധിയുണ്ടായതിനെ തുടർന്ന് മൂന്നാമതൊരു അംഗത്തിന്റെ വിലയിരുത്തലിലേക്ക് എൻസിഎൽടി വിട്ടിരുന്നു.