
തിരുവനന്തപുരം: കോൺഗ്രസ് അംഗങ്ങൾ മദ്യപിക്കാൻ പാടില്ലെന്ന ഉപാധി ഒഴിവാക്കിയതിനെതിരെ കോൺഗ്രസ് നേതാവ് വിഎം സുധീരൻ. മദ്യപിക്കുന്നവർക്കും ഖാദി സ്ഥിരമായി ധരിക്കാത്തവർക്കും അഗത്വം നൽകില്ലെന്ന തീരുമാനത്തിൽ മാറ്റം വരുത്തിയതിനെതിരെ സുധീരൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചു. റായ്പൂർ പ്ലീനറി സമ്മേളനത്തിലെ തീരുമാനം മദ്യവിൽപ്പനയെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഇത് പാർട്ടിയിൽ ദൂര വ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും ഈ തീരുമാനം പിൻ വലിക്കണമെന്നും സുധീരൻ കത്തിൽ ആവശ്യപ്പെട്ടു.
മദ്യവർജനവും ഖാദി പ്രസ്ഥാനവും സ്വാതന്ത്ര്യ സമരം മുതലേ ഉള്ള കോൺഗ്രസിന്‍റെ മുദ്രാവാക്യവും അഭിമാനകരമായ സവിശേഷതയിരുന്നെന്നും , ഈ വ്യവസ്ഥകൾ പിൻവലിക്കുമ്പോൾ സ്വാതന്ത്ര്യ പ്രസ്ഥാനത്തെയും ഗാന്ധിയൻ മൂല്യങ്ങളെയും തള്ളിപറയുകയാണ് ചെയ്യുന്നതെന്നും സുധീരൻ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് അംഗങ്ങൾ പാലിക്കേണ്ട ഒമ്പത് പ്രതിജ്ഞകളിൽ മാറ്റം വരുത്തണമെന്ന് രാഹുൽ ഗാന്ധിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. 2021 ഒക്ടോബറിൽ, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളുടെയും സംസ്ഥാന മേധാവികളുടെയും യോഗത്തിൽ എത്ര പേർ മദ്യപിക്കുന്നുവെന്ന് രാഹുൽ ചോദിച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിലടക്കം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.