ആത്മഹത്യാ കേസ്; ബോളിവുഡ് നടി രാഖി സാവന്തിനെതിരേ ജാമ്യമില്ലാ വാറന്‍റ്

വെള്ളിയാഴ്ച കോടതിയിൽ രാഖി ഹാജരാകാത്തതിനെ തുടർന്നാണ് അഡിഷണൽ ജില്ലാ സെഷൻസ് അതിവേഗ കോടതി ജഡ്ജി വാറന്‍റ് പുറപ്പെടുവിച്ചത്
Rakhi Sawant

രാഖി സാവന്ത്

Updated on: 

ലഖ്നൗ: 2010ലെ ആത്മഹത്യാ കേസിൽ ബോളിവുഡ് നടി രാഖി സാവന്തിനെതിരേ ഉത്തർപ്രദേശിലെ ഝാൻസിയിലെ കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചു. ടെലിവിഷൻ ഷോയിലൂടെ രാഖി നടത്തിയ മോശം പരാമർശത്തിൽ മനംനൊന്ത് ഝാൻസി സ്വദേശി ആത്മഹത്യ ചെയ്തതാണ് കേസ്.

വെള്ളിയാഴ്ച കോടതിയിൽ രാഖി ഹാജരാകാത്തതിനെ തുടർന്നാണ് അഡിഷണൽ ജില്ലാ സെഷൻസ് അതിവേഗ കോടതി ജഡ്ജി വാറന്‍റ് പുറപ്പെടുവിച്ചത്. 2010 നവംബർ 10നാണ് ഝാൻസിയിലെ പ്രേം നഗറിലെ ഹൻസാരി സ്വദേശിയായ ലക്ഷ്മൺ അഹിർവാർ ആത്മഹത്യ ചെയ്തത്. 'രാഖി കാ ഇൻസാഫ്' എന്ന തന്‍റെ ടെലിവിഷൻ ഷോയിലൂടെ രാഖി നടത്തിയ മോശം പരാമർശത്തിൽ മനംനൊന്ത് ഇയാൾ ജീവനൊടുക്കുകയായിരുന്നു.

അഹിർവാറും ഭാര്യ അനിതയും രാഖിയുടെ ഷോയിൽ പങ്കെടുത്തിരുന്നു. ഈ ഷോയിൽ വച്ച് രാഖി നടത്തിയ മോശം പരാമർശത്തിൽ മനംനൊന്ത് അഹിർവാർ ജീവനൊടുക്കുകയായിരുന്നെന്ന് ഇയാളുടെ മാതാവ് സാവിത്രി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് രാഖിക്കെതിരേ പ്രേം നഗർ പൊലീസ് കേസെടുത്തു. കേസ് ഇനി ഡിസംബർ ഒന്നിന് പരിഗണിക്കും.

logo
Metro Vaartha
www.metrovaartha.com