

സുന്ദർരാജ് പട്ടിലിംഗം
ന‍്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയുടെ ഐജിയായി ഐപിഎസ് ഉദ‍്യോഗസ്ഥൻ സുന്ദർരാജ് പട്ടിലിംഗത്തെ നിയമിച്ചു.
ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ‍്യന്തര മന്ത്രാലയം പുറത്തിറക്കി. പുതിയ ദൗത‍്യം ഏറ്റെടുക്കാൻ അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്ന് കേന്ദ്രം ചത്തീസ്ഗഡ് സർക്കാരിനോട് ആവശ‍്യപ്പെട്ടിട്ടുണ്ട്.
2003 ബാച്ച് ഐപിഎസ് ഉദ‍്യോഗസ്ഥനായ സുന്ദർരാജ് മാവോയിസ്റ്റുകളുടെ സാന്നിധ‍്യമുള്ള ചത്തീസ്ഗഡിലെ ബസ്തറിൽ 12 വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 7 വർഷം അവിടെ പൊലീസ് മേധാവിയായിരുന്നു.
കോയമ്പത്തൂരിലെ തമിഴ്നാട് കാർഷിക സർവകലാശാലയിലെ പൂർവ വിദ‍്യാർഥിയായിരുന്ന സുന്ദർരാജ് മാവോയിസ്റ്റുകളെ നേരിടാൻ 2005ൽ കാങ്കറിൽ സ്ഥാപിച്ച കൗണ്ടർ ഇൻസർജൻസി ആൻഡ് ജംഗിൾ വാർഫെയർ സ്കൂളിൽ കമാൻഡോ പരീശീലനം നേടിയ ആദ‍്യത്തെ പൊലീസ് ഉദ‍്യോഗസ്ഥരിൽ ഒരാളാണ്. സുരക്ഷാ സേനകൾ നടത്തുന്ന നക്സൽ വിരുദ്ധ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചയാളാണ് സുന്ദർരാജ്.